കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാകും

Share our post

കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ജനവരി 31നകം പൂര്‍ത്തീകരിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം.കാനാമ്പുഴയുടെ തീരത്ത് ഒരുക്കുന്ന നടപ്പാതകള്‍ ഡിസംബര്‍ 31നകം സജ്ജമാക്കുകയും സൗരവിളക്കുകള്‍ വിന്യസിക്കുകയും ചെയ്യും. നടപ്പാതയുടെ തുടക്കത്തില്‍ മിനി കഫ്റ്റേരിയകള്‍ സജ്ജമാക്കും.
പ്രദേശത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന അരി, പച്ചക്കറികള്‍, മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവ കഫ്റ്റേരിയകളിലൂടെ വില്‍പന നടത്തും.

പുനരുജീവനത്തിന്റെ ഭാഗമായി പ്രദേശത്തെ വയലുകളില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സാധ്യമായ സാഹചര്യത്തില്‍ ഉല്പാദിപ്പിക്കുന്ന നെല്ല് കാനാമ്പുഴ റൈസ് എന്ന് പ്രത്യേകം ബ്രാന്റ് ചെയ്ത വില്‍പന നടത്തും. ഈ പ്രവര്‍ത്തനം ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.2018ലാണ് കാനാമ്പുഴ പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒമ്പത് കിലോ മീറ്റര്‍ ദൂരത്തില്‍ പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളില്‍ കിണര്‍ റീചാര്‍ജ്ജ് ചെയ്യല്‍, തെങ്ങുകള്‍ക്ക് തടം എടുക്കല്‍, തുടങ്ങിയ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. പുനരുജീവനത്തിന്റെ ഭാഗമായി മൂന്ന് പ്രൊജക്ടുകളിലായി എട്ട് കോടി 20 ലക്ഷം രൂപയുടെ പുഴ സംരക്ഷണ പ്രവൃത്തികള്‍ നടന്നു വരുന്നതായി യോഗം വിലയിരുത്തി.

കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, ഹരിത കേരളം മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റുമാരായ എബ്രഹാം കോശി, ടി പി സുധാകരന്‍, ഇറിഗേഷന്‍ വകുപ്പ് എഞ്ചിനീയര്‍ ഗോപകുമാര്‍, ഹരിത കേരളം മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സതീശന്‍, മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, മണ്ണ് സംരക്ഷണം, ജലസേചനം വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജനകീയ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

യോഗത്തിന് ശേഷം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും ജനകീയ കമ്മിറ്റി പ്രതിനിധികളും പ്രവൃത്തി നടക്കുന്ന എളയാവൂര്‍ ചീപ്പ്പാലം പ്രദേശം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!