ഇതാ അദ്ഭുത മാവ്! കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ ഫല വൈവിധ്യമേകി 16 മാവുകൾ

Share our post

പയ്യന്നൂർ : കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ 16 മാവുകൾ. കാലാപ്പാടിയും അമൃതവും ബാംഗളോരയും ബെങ്കരപ്പള്ളിയും നീലനും കുഞ്ഞിമംഗലവും ഒളോറും മല്ലികയും അശോകനും പേരറിയാത്ത 7 മാവുകളും കിളിച്ചുണ്ടൻ മാവിൽ തഴച്ചു വളർന്ന് പൂവിടാൻ തുടങ്ങി. കഴിഞ്ഞ വർഷം മുതൽ മാമ്പഴം പിടിച്ചു തുടങ്ങിയിരുന്നു.

കുഞ്ഞിമംഗലം കൊയപ്പാറയിലെ മണ്ടയാട്ട് വടക്കേ പുരയിൽ എം.വി.പി.മുഹമ്മദിന്റെ വീട്ടുമുറ്റത്താണ് ഈ അദ്ഭുത കാഴ്ച. മുഹമ്മദ് ആശിച്ച് നട്ടുവളർത്തിയ കിളിച്ചുണ്ടൻ മാവ് ഇത്തിൾ വളർന്ന് നശിച്ചുപോകുന്ന ഘട്ടം വന്നപ്പോൾ നാലരടി ഉയരത്തിൽ മാവ് വെട്ടിമുറിച്ചു.

അത് തളിരിടാൻ തുടങ്ങിയപ്പോൾ മുഹമ്മദിന്റെ മനസ്സിൽ മൊട്ടിട്ടതാണ് വിവിധ മാവുകൾ ഈ മാവിൽ ഗ്രാഫ്റ്റ് ചെയ്യുക എന്നത്. കേട്ടുകേൾവി പോലുമില്ലാത്ത പരീക്ഷണം മുഹമ്മദ് തുടങ്ങി. സ്വാദേറിയ മാങ്ങകൾ ലഭിച്ച സ്ഥലത്ത് നിന്നെല്ലാം അതിന്റെ കമ്പുകൾ ശേഖരിച്ച് കൊണ്ടു വന്ന് ഈ മാവിലെ തളിരിൽ ഗ്രാഫ്റ്റ് ചെയ്തു.

26 മാവുകൾ ഗ്രാഫ്റ്റ് ചെയ്ത് ഈ മാവിൽ ഒരുക്കിയെടുത്തു. പ്രായമാകാതെ പ്രസവിച്ച കുട്ടികളെ ഇൻക്യുബേറ്ററിൽ സംരക്ഷിച്ചെടുക്കും പോലെ കുടയും ബെഡ്ഷീറ്റും ഉപയോഗിച്ച് വെയിൽ തട്ടാതെയാണ് ഇവ സംരക്ഷിച്ചത്.

വിലങ്ങനെ വെട്ടിയ മാവിൻ തടയിൽ മഴക്കാലത്ത് വെള്ളമിറങ്ങി 10 മാവുകൾ ചീഞ്ഞ് നശിച്ചുപോയി. വെള്ളമിറങ്ങാതിരിക്കാൻ മുറിച്ച ഭാഗത്ത് കോൺക്രീറ്റ് കൊണ്ടുള്ള കൊച്ചു സ്ലാബ് വച്ച് സംരക്ഷിച്ചതോടെ ബാക്കി മാവുകൾ വളർന്ന് പന്തലിച്ചു.

തന്റെ വാടക വീട്ടിൽ താമസിച്ച അശോകൻ ഡോക്ടർ കോട്ടയത്ത് നിന്നു കൊണ്ടു വന്നു നട്ടുവളർത്തിയ മാവ് മുറിച്ച് മാറ്റേണ്ടി വന്നപ്പോൾ അതിന്റെ കമ്പും ഇതിൽ ഗ്രാഫ്റ്റ് ചെയ്തു. ആ മാവാണ് അശോകൻ മാവ്. 16 മാവുകൾക്ക് ഇപ്പോൾ 7 വർഷം പ്രായമുണ്ട്.

ഏയർ ലെയറിങ്ങിലൂടെ വളർത്തിയെടുത്ത കാലാപ്പാടി മാവ് ഒരു ബക്കറ്റിൽ വളർന്ന് പൂവിട്ടിട്ടുണ്ട്.മാങ്ങ പറിക്കാൻ പ്രത്യേക സംവിധാനത്തിലുള്ള തോട്ടിയും വർഷാവർഷം മാവിനെ നിലത്ത് നിന്ന് പ്രൂണിങ് ചെയ്യാനുള്ള സംവിധാനവും മുഹമ്മദ് സ്വന്തമായി തയാറാക്കിയിട്ടുണ്ട്.

82 വയസ്സുള്ള മുഹമ്മദിന്റെ പറമ്പ് വിവിധ കണ്ടുപിടുത്ത പരീക്ഷണശാല കൂടിയാണ്. നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ്ങിൽ ജോലി നേടിയ മുഹമ്മദ് 33 വർഷത്തെ സേവനത്തിന് ശേഷം ബിസിനസ്സ് മാനേജരായാണു വിരമിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!