ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകം

മയ്യിൽ : ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമാകുന്നു. നെൽക്കൃഷി വ്യാപകമായി നശിക്കുകയാണ്. മയ്യിൽ പഞ്ചായത്തിലെ അരയിടം, നെല്ലിക്കപാലം, ചാലവയൽ, ഏന്തിവയൽ, മാന്തവയൽ, കയരളം എന്നീ പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലാണ് ഇലചുരട്ടിപ്പുഴുവിന്റെ ആക്രമണം വ്യാപകമായത്.
പെരളശ്ശേരി പഞ്ചായത്തിലെ ബാവോട്, പരിയാരം, കുറ്റിവയൽ മുണ്ടേരി പഞ്ചായത്തിലെ ഏച്ചൂർ, മാവിലാച്ചാൽ, മുണ്ടേരി, കാഞ്ഞിരോട് വയൽ ചെമ്പിലോട് പഞ്ചായത്തിലെ തലവിൽ, ഇരിവേരി വയലുകളിലൊക്കെ ഇലചുരുട്ടിപ്പുഴുവിന്റെ ശല്യം രൂക്ഷമാണ്.ഞാറിൽ തന്നെ പുഴു ബാധയുണ്ട്.
ഞാറു പറിച്ചു നടുന്നതിനു മുൻപ് തന്നെ ഇലകളുടെ ഹരിതകം നഷ്ടപ്പെടുകയും ഇല ഉണങ്ങിയ സ്ഥിതിയിൽ ആവുകയും ചെയ്യുന്നു. പറിച്ചു നട്ട് ഒരു മാസത്തിലേറെ വളർച്ചയുള്ള ഞാറ്റടികൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥയിൽ വന്ന വ്യതിയാനമാണു കീടബാധ രൂക്ഷമാകാൻ കാരണമായതെന്നാണു പറയുന്നത്. പുഴുക്കൾ ചെടികളുടെ ഇലയുടെ നീരൂറ്റി കുടിക്കുന്നതു കാരണം ചെടികൾ ക്ഷയിച്ച് പൂർണമായും നശിക്കുകയാണ്. ഇതുമൂലം കർഷകർ ഏറെ ആശങ്കയിലാണ്.
രണ്ട് വർഷം മുൻപ് ഈ പാടശേഖരങ്ങളിൽ നീലവണ്ടിന്റെ ആക്രമണം മൂലവും നെൽക്കൃഷി വ്യാപകമായി നശിച്ചിരുന്നു. രോഗം ബാധിച്ച പാടശേഖരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി വരികയാണ്.