ആസൂത്രിത ആക്രമണമാണ് നടക്കുന്നത്; കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

Share our post

തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി സി.പി.ഐ എമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍ .എസ്. എസ് അജണ്ടയാണെന്നും ഗവര്‍ണറുടെ കാവിവല്‍ക്കരണത്തിന് വിധേയമാകാന്‍ കേരളം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസനം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. പേരില്‍ തീവ്രവാദിയുണ്ടെന്ന് ആരോപിച്ചവര്‍ക്ക് വര്‍ഗീയ മനസാണുള്ളത്. പുരോഹിതന്‍ തന്റെ വസ്ത്രത്തിന്റെ മാന്യത പോലും നോക്കാതെ മന്ത്രി അബ്ദുള്‍ റഹ്മാനെ പരസ്യമായി പേരില്‍ തന്നെ വര്‍ഗീയതയുണ്ടെന്ന് പറഞ്ഞു.

പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന നിലപാട് അദ്ദേഹത്തിന് തന്നെയാണ് പൂര്‍ണമായും ചേരുക. ഇത് നാക്ക് പിഴയല്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ ഇങ്ങനെ പദപ്രയോഗം നടത്താനാകു- എം. വി ഗോവിന്ദന്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് രൂപത തന്നെയാണ് ഫലപ്രദമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനിറങ്ങിയത്. ജനാധിപത്യ രീതിയില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണമുണ്ടായി. മുന്‍കൂട്ടി സമരപന്തലില്‍ കാര്യങ്ങള്‍ പ്രസംഗിച്ച് പിന്നീടുണ്ടായ സംഭവമാണ് പോലീസ് സ്‌റ്റേഷന്‍ അക്രമമെന്ന് വ്യക്തമാണ്.

മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഒരു ഘട്ടത്തില്‍ അവിടെ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിയ എല്ലാ കാര്യങ്ങളും പരിഹാരിക്കാനാവശ്യമായത് സര്‍ക്കാര്‍ ചെയ്തു. ഏഴില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചു. അവശേഷിക്കുന്ന കാര്യം വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടരരുത് എന്നാണ്. അതിനോട് യോജിക്കാനാകില്ല. നമ്മുടെ വളര്‍ച്ചയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതിയായതിനാല്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് സുരേന്ദ്രന്‍ പറയുമ്പോള്‍ പോകാന്‍ നിക്കുകയല്ല ഞങ്ങള്‍. ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് അയാള്‍ പച്ചമലയാളത്തില്‍ പറഞ്ഞത്. അതിനൊപ്പം തന്നെ സുധാകരന്‍ പറയുന്നു ഞങ്ങള്‍ വിമോചന സമരം നടത്തിക്കളയുമെന്ന്.

രണ്ടുപേര്‍ക്കും ഒരേ മുദ്രവാക്യമാണ്. അതില്‍ ഒരത്ഭുതമില്ല. അതൊന്നും ഈ കേരളത്തില്‍ നടക്കുകയില്ല. പഴ പോലെയല്ല ഈ നാട്. പാര്‍ട്ടി ഇതിനെതിരായ പ്രചാരണം നടത്തും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആരാണോ കുറ്റവാളി, അവര്‍ക്കെല്ലാം എതിരെ കേസെടുക്കും. വര്‍ഗീയതയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വര്‍ഗീയ പ്രസംഗത്തെ സംബന്ധിച്ച് ഒരു വാക്ക് പറയാന്‍ കോണ്‍ഗ്രസിനായില്ലല്ലോ ഇതുവരെ. എല്ലാവരും ഒറ്റക്കെട്ടാണ്.

കുറ്റകൃത്യം നടത്തിയ എല്ലാവരേയും അറസ്റ്റ് ചെയ്യും. കേന്ദ്ര സേന കേരളത്തിലേക്ക് വരുന്നതിന് ഒരു എതിര്‍പ്പും കേരള സര്‍ക്കാരിനില്ല. സംഘര്‍ഷമുണ്ടാക്കുന്നതിന്റെ പിന്നില്‍ ആരെന്ന് കണ്ടുപിടിക്കണം. ഞങ്ങള്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമങ്ങുടെ ചോദ്യത്തിന് ഗോവിന്ദന്‍ മറുപടി നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!