കണ്ണൂരിൽ ഹരിത ക്രിസ്മസ്

കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷങ്ങൾ ഹരിതചട്ടങ്ങൾ പാലിച്ച് നടത്താൻ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്രയിലും ഉപയോഗിക്കില്ല.
പുൽക്കൂടുകൾ പ്രകൃതി സൗഹൃദ വസ്തുക്കളാൽ നിർമിക്കും. വീടുകളും ആരാധനാലയങ്ങളും മുൻകുട്ടി ശുചീകരിക്കും. പേപ്പർ ഗ്ലാസ് ഉപയോഗിക്കില്ല. ഇടവക പരിധിയിലെ വീടുകളിൽ മാലിന്യങ്ങൾ തീയിടുന്നത് ഒഴിവാക്കും.
അജൈവ മാലിന്യം ഹരിതകർമ സേനയ്ക്ക് കൈമാറും. സേനയ്ക്കുള്ള യൂസർ ഫീ ഉറപ്പ് വരുത്തും. ഹരിതരീതിയിൽ ക്രിസ്മസ് ആഘോഷിച്ച വീടുകൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തും.