തലശേരി ഇരട്ടക്കൊലപാതകം അഞ്ചു പ്രതികൾക്കായി കസ്‌റ്റഡിയപേക്ഷ നൽകി

തലശേരി: സി.പി.ഐ. എം പ്രവർത്തകരെ ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് തലശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
റിമാൻഡിലുള്ള മുഖ്യപ്രതി നെട്ടൂർ വെള്ളാടത്ത് ഹൗസിൽ സുരേഷ്‌ബാബു എന്ന പാറായി ബാബു (47), നെട്ടൂർ ചിറക്കക്കാവിനു സമീപം മുട്ടങ്ങൽവീട്ടിൽ ജാക്സൺ വിൽസെന്റ് (28), ആർ.എസ്.എസ്സുകാരൻ നെട്ടൂർ വണ്ണത്താൻ വീട്ടിൽ കെ നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് ‘സഹറാസി’ൽ മുഹമ്മദ് ഫർഹാൻ (29), പിണറായി പടന്നക്കരയിലെ വാഴയിൽവീട്ടിൽ സുജിത്‌കുമാർ (45) എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.സി.പി കെ .വി ബാബുവാണ് ഹർജി നൽകിയത്.
കേസിലെ ആറ്, ഏഴ് പ്രതികളായ അരുൺകുമാറിനെയും ഇ കെ സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ് ഇരുവരും.
കസ്റ്റഡി അപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും. നവംബർ 23ന് തലശേരി സഹകരണാശുപത്രിക്ക് മുന്നിലാണ് നെട്ടൂർ ഇല്ലിക്കുന്നിലെ കെ ഖാലിദ്, സഹോദരീ ഭർത്താവ് പൂവനാഴി ഷമീർ എന്നിവരെ കുത്തിക്കൊന്നത്. ലഹരിവിൽപ്പന ചോദ്യംചെയ്‌തതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം.