ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തമാക്കാന്‍ സാംസങ്; മുന്‍നിര കോളേജുകളില്‍ നിന്നുള്ള 1000 പേരെ നിയമിക്കും

Share our post

ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന്‍ കൊറിയന്‍ കമ്പനിയായ സാംസങ്. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില്‍നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുമായി 1,000 പേരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ വന്‍കിട ടെക്‌നോളജി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന സമയത്താണ് സാംസങ് ഇന്ത്യയില്‍ നിയമനം നടത്തുന്നത്.

ബെംഗളൂരു, നോയിഡ, ഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യ റിസര്‍ച്ചിലുമാണ് ഇവരെ നിയോഗിക്കുക. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡേറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ പുതുനിര സാങ്കേതികവിദ്യകളില്‍ ഗവേഷണപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുംവിധം ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള കണ്ടെത്തലുകളാണ് ഇതുവഴി പദ്ധതിയിടുന്നതെന്ന് സാംസങ് ഇന്ത്യ മാനവവിഭവശേഷിവിഭാഗം മേധാവി സമീര്‍ വാധാവന്‍ പറഞ്ഞു.

സാംസങ്ങിന്റെ ഇന്ത്യയിലെ ഗവേഷണകേന്ദ്രങ്ങള്‍ ഇതുവരെ 7,500 പേറ്റന്റുകള്‍ക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ ചിലത് കമ്പനി വാണിജ്യപരമായി ഉപയോഗിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!