മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശന്‍ ഒന്നാംപ്രതി, കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

Share our post

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യുടെ നിര്‍ദേശപ്രകാരം മാരാരിക്കുളം പോലീസാണ് കേസെടുത്തത്. വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍. അശോകന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യംചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവിയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് മൂന്നുപേരെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
2020 ജൂണ്‍ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി. യോഗം ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഓഫീസില്‍നിന്ന് കണ്ടെടുത്ത മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരേ പരാമര്‍ശമുണ്ടായിരുന്നു. മഹേശന്റെ കുടുംബത്തിന്റെ പരാതിയില്‍ ഐ.ജി.യായിരുന്ന ആര്‍.
നിശാന്തിനിയുടെ നേതൃത്വത്തില്‍ നേരത്തെ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് മഹേശന്റെ കുടുംബം ആലപ്പുഴ കോടതിയെ സമീപിച്ചെങ്കിലും ഈ പരാതിയും തള്ളി. ഇതോടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ആലപ്പുഴ കോടതി ഹര്‍ജി വീണ്ടും പരിഗണിച്ചത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!