ചികിത്സാ പിഴവിൽ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം

തലശ്ശേരി: ജനറൽ ആസ്പത്രിയിലെ ചികിത്സാ പിഴവുകൾക്കെതിരായുയർന്ന പരാതികളിൽ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. ആസ്പത്രിയിൽ നിരന്തരം പരാതികൾ ഉയർന്നു വരികയാണെന്നും കർശന നടപടി നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ബി.ജെ.പി കൗൺസിലർ അജേഷ് ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ ചികിത്സാപിഴവ് മൂലമാണ് 17 വയസുള്ള കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്ന് മുസ്ലിം ലീഗ് കൗൺസിലർ ടി.പി ഷാനവാസ് ആരോപിച്ചു.തലശേരിയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ നിയമഭേദഗതി ചെയ്യണമെന്ന് കൗൺസിലർ ഫൈസൽ പുനത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തണം. എക്‌സൈസും പൊലീസും ബോധവൽക്കരണ പരിപാടിയിൽ മാത്രം ഒതുങ്ങുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ ചികിത്സിച്ച ഡോക്ടറുടെ വീഴ്ചയല്ലെന്നും കുട്ടിക്ക് പ്രത്യേക രോഗാവസ്ഥ വന്നതിനാലാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്ന് നഗരസഭാ അദ്ധ്യക്ഷ കെ.എം ജമുനാ റാണി മറുപടി പറഞ്ഞു. ആസ്പത്രിയിൽ പരാതികൾ ഉയരുമ്പോൾ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടാറുണ്ടെന്ന് അദ്ധ്യക്ഷ മറുപടി പറഞ്ഞു.