സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ ബയോമെട്രിക് ഫിങ്കർ പ്രിന്റ് സ്കാനർ

Share our post

കണ്ണൂർ: സംസ്ഥാനത്തെ സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ കക്ഷികളെ തിരിച്ചറിയാൻ ആധാർ കാർഡുകൾക്ക് പകരം ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിങ്കർ പ്രിന്റ് സംവിധാനം വരുന്നു. ഇതിനായി രജിസ്ട്രഷൻ-72ബി (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. സംവിധാനം ഉടൻ നടപ്പാക്കാനാണ് തീരുമാനം.

നിലവിൽ ആധാരകക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡുമാണ് ഉപയോഗിക്കുക. ഈ സംവിധാനം വരുന്നതോടെ ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് സാക്ഷികൾ വേണ്ടിവരില്ല. പല സബ് രജിസ്ട്രാർ ഒാഫീസുകളിലും കൂലിസാക്ഷികൾ സ്ഥിരം കാഴ്ചയാണ്. ഒരേ ആൾ തന്നെ വിവിധ ആധാരങ്ങളിൽ സാക്ഷിയായി ഒപ്പിടുന്നതും പതിവാണ്.

ആധാർ കാർഡിന് പകരം വ്യക്തികൾ ബയോമെട്രിക് ഫിങ്കർ പ്രിന്ററിൽ വിരൽ അമർത്തിയാൽ അവരെക്കുറിച്ച് മുഴുവൻ വിവരങ്ങൾ സബ് രജിസ്ട്രാർക്ക് ലഭിക്കും. പ്രിന്റർ ആധാർ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചതാണ്.

വ്യാജ ആധാർ കാർഡുപയോഗിച്ചുള്ള ആൾമാറാട്ടം ഒഴിവാക്കുകയാണ് ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ആധാർകാർഡുകളിലെ ഫോട്ടോയും തിരിച്ചറിയലിന് പ്രയാസമുണ്ടാക്കുന്നുണ്ട്. സംവിധാനം വരുന്നതോടെ അവകാശം ഉള്ളയാൾക്ക് മാത്രമേ സ്വത്ത് രജിസ്റ്റർചെയ്യാനാകൂ. പവർ ഓഫ് അറ്റോർണി ഉണ്ടെങ്കിൽ ആ വ്യക്തിയും ബയോമെട്രിക് ഫിങ്കർ സ്കാനറിൽ വിരലമർത്തണം. തുടക്കത്തിൽ തിരഞ്ഞെടുത്ത കുറച്ച് ഓഫീസുകളിലായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!