ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്. ജലാംശം ശാരീരിക പ്രക്രിയകളിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. മൂത്രം, വിയർപ്പ് എന്നിവയിലൂടെ ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. വിയർക്കുന്നതിലൂടെ ശരീര താപനില നിലനിർത്തുന്നു. വിറ്റാമിനുകൾ, മിനറൽസ് എന്നിവയുടെ ആഗിരണത്തിന് ജലം ആവശ്യമാണ്. ത്വക്കിന്റെ സ്വാഭാവിക മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിലും വെള്ളത്തിന് കാര്യമായ പങ്ക് ഉണ്ട്.
ഒരാൾ ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
ശരീരത്തിൽ ജലാംശത്തിന്റെ നിശ്ചിത അളവ് ഉണ്ട്. അതിൽ കുറവാകുമ്പോൾ ശരീരം ദാഹം എന്ന തോന്നൽ ഉണ്ടാക്കുന്നു. ശാരീരിക കർമ്മങ്ങൾക്കായി ജലം ഉപയോഗിക്കപ്പെടുമ്പോൾ വീണ്ടും ദാഹം അനുഭവപ്പെടുന്നു. സ്വാഭാവികമായി ഈ പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു.
എന്നാൽ അശ്രദ്ധ കൊണ്ടോ അവഗണനകൊണ്ടോ പലപ്പോഴും ദാഹം എന്ന ശരീര ലക്ഷണത്തെ നാം വേണ്ടത്ര ഗൗനിക്കാറില്ല. അതായത് ദാഹം തോന്നുമ്പോൾ നാം വെള്ളം കുടിക്കാറില്ല. ഇത്തരം ആളുകൾ സമയവും അളവും അനുസരിച്ച് വെള്ളം കുടിക്കേണ്ടതായുണ്ട്.
ചില പ്രത്യേക സന്ദർഭങ്ങളിൽ ഉദാഹരണമായി നിങ്ങൾ നിരന്തരം എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഇരിക്കുന്നവരാണെങ്കിൽ സ്വാഭാവികമായി തോന്നേണ്ട ദാഹം തോന്നാതിരിക്കാം. അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിതമായതു മൂലം നിങ്ങൾ വിയർക്കുന്നത് കുറയുന്നു. വിയർപ്പിലൂടെ പുറംതള്ളുന്ന ജലാംശത്തിന്റെ അളവ് കുറയുന്നു. അതു കൊണ്ട് ദാഹം തോന്നുന്നില്ല. എന്നാൽ വിയർപ്പിലൂടെ നടക്കേണ്ട മാലിന്യങ്ങളുടെ പുറം തള്ളൽ നടക്കുന്നുമില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം അളവിന് അനുസരിച്ച് കുടിക്കേണ്ടതാണ്.
ഭക്ഷണശേഷം ശരിയായ ദഹനം നടക്കാനും വെള്ളത്തിന്റെ ആവശ്യകത ഉണ്ട്. ഇവിടേയും ദാഹം തോന്നുന്നില്ലെങ്കിലും വയറിന്റെ കാൽ ഭാഗം എന്ന അളവിൽ വെള്ളം കുടിക്കേണ്ടതാണ്.
മേൽ പറഞ്ഞ സാഹചര്യങ്ങളിലൊഴിച്ച് മറ്റ് സന്ദർഭങ്ങളിലെല്ലാം ദാഹം തോന്നുന്ന സമയങ്ങളിൽ മാത്രം വെള്ളം കുടിച്ചാൽ മതിയാകും. ദാഹം തോന്നുമ്പോൾ തീർച്ചയായും വെള്ളം കുടിക്കേണ്ടതാണ്.
രാവിലെ ഉണർന്ന ഉടനെ 1-2 ലിറ്റർ വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ട്. ഇത്രയും വലിയ അളവിൽ ഒരുമിച്ച് വെള്ളം കുടിക്കുന്നത് കിഡ്നി എന്ന അവയവത്തിന് അമിതജോലിഭാരം നൽകാൻ മാത്രമേ സഹായിക്കുകയുള്ളൂ. ഉണർന്നതിനു ശേഷം ആദ്യം കുടിക്കുന്നത് വെള്ളം ആകുന്നത് ഉചിതം തന്നെയാണ്. ചായ, കാപ്പി എന്നിവയേക്കാൾ നല്ലത് വെള്ളം തന്നെ ആണ്.
അധികമായ അളവിലുള്ള ആഹാരമോ വെള്ളമോ ശരീരത്തിന്റെ ജോലിഭാരം കൂടുതലാക്കുന്നു. ഭക്ഷണം, വെള്ളം മുതലായവക്ക് ശരീരത്തിന്റെ ആവശ്യകതയെ സൂചനയായി കണക്കാക്കി അതിനനുസരിച്ച് കഴിക്കുന്നതായിരിക്കും ആരോഗ്യ സംരക്ഷണത്തിൽ ഉത്തമം.
വെള്ളം അമിതമായാൽ
അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ദഹനശക്തിയെ സാരമായി ബാധിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിച്ചാൽ വിശപ്പ് കുറയുന്നത് എല്ലാവർക്കും പരിചിതമായിരിക്കും. മാത്രമല്ല വെള്ളം അമിതമായി ശരീരത്തിലെത്തുന്നതു വഴി വൃക്കയുടെ ജോലിഭാരം വർധിക്കുകയും അതുമൂലം വൃക്കയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കുന്നു. കാലിൽ നീര് പോലുള്ള ലക്ഷണങ്ങൾ തൽഫലമായി ഉണ്ടാകാം.