ഡി.ഐ.ജി നിശാന്തിനി ഇന്ന് വിഴിഞ്ഞത്ത് എത്തും, പോലീസ് അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡി.ഐ.ജി. ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. പ്രദേശത്ത് മദ്യ നിരോധനവും പോലീസിനുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.വിഴിഞ്ഞം സമരം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ കരുതിക്കൂട്ടിയ ശ്രമമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് തീരദേശ സുരക്ഷയ്ക്ക് നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചത്.
തീരദേശ മേഖലയുടെയാകെ ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കാനുമാണിത്. വിഴിഞ്ഞത്തെ സംഘർഷാന്തരീക്ഷം ലഘൂകരിക്കുന്നതിനൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മറ്റു മേഖലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനുള്ള മേൽനോട്ടച്ചുമതലയും അഞ്ച് എസ്.പി മാരും എട്ടു ഡിവൈ.എസ്.പി മാരും അടങ്ങിയ സംഘത്തിനുണ്ട്. വിജിലൻസ്, ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്ചമെന്റ്, ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്.പി റാങ്ക് ഉദ്യോഗസ്ഥരെ അടക്കം സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റു ജില്ലകളിലെയും സായുധ പൊലീസ് ബറ്റാലിയനിലെയും അടക്കം 1200ലേറെ പോലീസ്സുകാരെയാണ് വിഴിഞ്ഞം മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിയിൽ പ്രവേശിക്കാനും എല്ലാസ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കാനും എ.ഡി.ജി.പി എ.ആർ. അജിത് കുമാർ എസ്.പി മാർക്ക് നിർദ്ദേശം നൽകി.ഐ.ജി, ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ടു നിയന്ത്രിക്കണം.