ആറളം ഫാമിൽ താമസിക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കും

Share our post

ഇരിട്ടി: ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ്‌ പട്ടയ പരിശോധന തുടങ്ങി. പതിച്ച്‌ നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച്‌ അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ നൽകാനാണ്‌ പരിശോധന.
സർക്കാർ തീരുമാന പ്രകാരം ജില്ലാ ഭരണകേന്ദ്രമാണ്‌ ഇത്തരം ഭൂമി കണ്ടെത്താൻ നീക്കം തുടങ്ങിയത്‌. പട്ടികജാതി–-പട്ടികവർഗ വകുപ്പ് പ്രമോട്ടർമാർ നേരത്തെ ഇക്കാര്യത്തിൽ നടത്തിയ സർവേയിൽ 1929 പേർ അനുവദിച്ച ഭൂമി ഉപയോഗിക്കുന്നില്ലെന്ന്‌ കണ്ടെത്തിയിരുന്നു.

ഏഴുമുതൽ പതിമൂന്നാം ബ്ലോക്ക്‌ വരെയുള്ള ഭൂമിയിലാണ്‌ പരിശോധന. ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എം ലക്ഷ്മണന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർ അടക്കമുള്ള സംഘമാണ്‌ പുനഃപരിശോധനയാരംഭിച്ചത്‌.ഫാമിൽ ഭൂരഹിതരായ 3520 കുടുംബങ്ങൾക്കാണ് അഞ്ചു ഘട്ടങ്ങളിലായി ഒരേക്കർ വീതം ഭൂമി അനുവദിച്ചത്. ഇതിൽ 1300- കുടുംബങ്ങൾ മാത്രമാണ് ഫാമിൽ വീട് നിർമിച്ച്‌ താമസിക്കുന്നത്‌. 1650 പേർക്ക് വീട് നിർമിക്കാൻ പണം അനുവദിച്ചു. ഇതിൽ വീട് നിർമിച്ച 400 കുടുംബങ്ങൾ കാട്ടാന ഭീഷണിയിൽ വീട് ഉപേക്ഷിച്ച് പോയി.

വയനാടിൽനിന്നുള്ള 450 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ 50- കുടുംബങ്ങൾ ഫാമിൽ താമസിക്കുന്നു. ബാക്കിയുള്ളവരുടെ ഭൂമി അനാഥാവസ്ഥയിൽ കാട്‌ കയറിയതിനാൽ കാട്ടാനകൾ താവളമാക്കി.
പുനരധിവാസ മേഖലയിൽ 225 കുടുംബങ്ങൾ ഭൂമി കൈയേറി കുടിൽ കെട്ടി താമസിക്കുന്നുണ്ട്. കൂടാതെ നേരത്തെ അനുവദിച്ച പട്ടയങ്ങൾ പരസ്പരം സമ്മതിച്ച്‌ മാറ്റം ചെയ്‌ത്‌ വീട് നിർമിച്ചവരുമുണ്ട്‌.

ഇത്തരം പട്ടയങ്ങൾ എല്ലാം നിയമ വിധേയമാക്കാനുള്ള സാധ്യതതയും പരിഗണിക്കും.പുനരധിവാസ മേഖലയിൽ അടുത്തഘട്ട ഭൂവിതരണത്തിനായി കണ്ണൂർ, കാസർകോട്‌, വയനാട് ജില്ലകളിലെ ഭൂരഹിത അദിവാസികളിൽനിന്ന്‌ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള പട്ടയക്കാർക്ക്‌ ഭൂമി തിരിച്ചു പിടിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!