പുതുച്ചേരി മുഖ്യമന്ത്രിക്ക് മുന്നിൽ പരാതികളുടെ ഒഴുക്ക്

മാഹി: പുതുച്ചേരി സർക്കാർ അധികാരത്തിലേറി രണ്ട് വർഷമാകാനിരിക്കെ ആദ്യമായി മയ്യഴി സന്ദർശിച്ച മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് മുന്നിൽ ഇല്ലായ്മകളുടേയും, പോരായ്മകളുടേയും പരാതി പ്രളയം. എഴുന്നൂറോളം കി.മീ. അകലെയുള്ള പുതുച്ചേരിയിൽ നിന്നും പലവട്ടം മന്ത്രിമാർ മയ്യഴിയിൽ വരാറുണ്ടെങ്കിലും ജനങ്ങളുമായുമുള്ള അഭിമുഖത്തിന് നിൽക്കാതെ സ്ഥലം വിടാറാണ് പതിവ്. എന്നാൽ മുഖ്യമന്ത്രി രംഗസ്വാമി ജനങ്ങളുമായി അഭിമുഖത്തിന് തയ്യാറായപ്പോൾ മയ്യഴിയോടുള്ള അവഗണനയെക്കുറിച്ചാണ് മിക്കവർക്കും പറയാനുണ്ടായിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ റേഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്നും, മാഹി പുതുച്ചേരി റൂട്ടിൽ പുതിയ പി.ആർ.ടി.സി.ബസ്സ് അനുവദിക്കണമെന്നും, കൊവിഡിന ് ശേഷം വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കാനിരിക്കെ, ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷത്തെ വയസ്സിളവ് അനുവദിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ടി.എം. സുധാകരൻ, ദാസൻ കാണി, സുരേഷ് പന്തക്കൽ, ഷിബു.ഷൈജ പറക്കൽ, ജസീമ മുസ്തഫ, ചാലക്കര പുരുഷു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയാണ് ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ എൻ ടി.യു.സി) നിവേദനം നൽകിയത്. കെ.കെ.പ്രദീപ്, സി.കെ.സമിൻ എന്നിവരാണ് നിവേദനം നൽകിയത്.ശമ്പളം വേണം, ജോലി സ്ഥിരതയുംപാസിക്ക്, പാപ്സ്കോ തുടങ്ങിയ കോർപ്പറേഷനുകളിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണമെന്നാണ് സി.എസ്.ഒ. നേതാക്കളായ കെ. ഹരീന്ദ്രൻ കെ. രാധാകൃഷ്ണൻ, രജീന്ദ്രകുമാർ എന്നിവർ ആവശ്യപ്പെട്ടത്.
എൻ.എച്ച്.എം. ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കണമെന്നും ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷനു വേണ്ടി നിവേദനം നൽകിയ എൻ. മോഹനൻ, കെ.എം. പവിത്രൻ, സപ്ന, കെ. രാമകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മാഹി മേഖല സംയുക്ത റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.പി.ശിവദാസ്, അനുപമ സഹദേവൻ, ഷിനോജ് രാമചന്ദ്രൻ , സുജിത്കുമാർ, എന്നിവർ ആവശ്യപ്പെട്ടു.