വിഴിഞ്ഞം അക്രമം; ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു

Share our post

തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്.

സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡി.ജി.പി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്.

എട്ടു ഡി.വൈ.എസ്പി.മാരും, സി.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക.

ക്യാമ്പുകളില്‍ നിന്നുള്ള പോലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്.സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!