പുതിയ കെട്ടിടം വന്നിട്ടും തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ രോഗികൾ വെയിലത്തുതന്നെ

Share our post

തളിപ്പറമ്പ് : താലൂക്ക് ആസ്പത്രിക്കു പുതിയ കെട്ടിടം വന്നിട്ടും രോഗികൾക്കു ദുരിതം ബാക്കി. പുതിയ കെട്ടിടത്തി‍ൽ പ്രവർത്തിക്കുന്ന ഒ.പി കൗണ്ടറിൽ നിന്ന് ഡോക്ടറെ കാണിക്കാനുള്ള ടിക്കറ്റ് എടുക്കണമെങ്കിൽ മഴയും വെയിലും സഹിച്ച് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. താലൂക്ക് ആസ്പത്രിയുടെ പഴയ കെട്ടിടത്തിനു പുറകിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തതോടെയാണ് വിവിധ പരിശോധനാ കേന്ദ്രങ്ങൾ ഇവിടേക്കു മാറ്റിയത്.

കെട്ടിടത്തിനുള്ളിൽ വിശാലമായ സൗകര്യവും കാത്തിരിപ്പു കേന്ദ്രങ്ങളും ഉണ്ടെങ്കിലും പുറത്ത് ഒപി ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. മാത്രവുമല്ല മലയോര പ്രദേശങ്ങളിൽ നിന്നുൾപ്പെടെ രാവിലെ മുതൽ ആസ്പത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ഒപി. ടിക്ക ആസ്പത്രിക്ക് പുറത്തുള്ള റോഡ് വരെ നീളും. തിങ്കളാഴ്ചകളിലാണ് തിരക്ക് വർധിക്കുന്നത്. ഇന്നലെ ഉച്ച വരെ ജനങ്ങൾ പുറത്തു വെയിലത്തു ക്യൂ നിൽക്കേണ്ട അവസ്ഥയായിരുന്നു.

പുതിയ കെട്ടിടത്തിന്റെ മുറ്റത്തു നിർമിച്ച പന്തലിൽ തന്നെ ക്യൂ പരിമിതപ്പെടുത്താൻ ആസ്പത്രി അധികൃതർ ശ്രദ്ധിച്ചാൽ ഇതിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുമെന്ന് ജനങ്ങൾ പറയുന്നു. എന്നാൽ, ആസ്പത്രി ഒപി കൗണ്ടറുകൾ നിർമിക്കുന്നതിന്റെ പ്രവൃത്തി പൂർത്തിയാകാത്തതും തിങ്കളാഴ്ചകളിൽ തിരക്ക് വർധിക്കുന്നതുമാണു പ്രശ്നത്തിനു കാരണമെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു.

ഒരു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അപ്പോൾ മാത്രമേ ഒപി കൗണ്ടറിൽ കൂടുതൽ കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ സാധിക്കൂ. കഴിഞ്ഞ ദിവസം ഒപി കൗണ്ടറിലെ പ്രിന്റർ കേടായതിനെ തുടർന്ന് ഒപി ടിക്കറ്റുകൾ എഴുതി നൽകേണ്ടിയും വന്നിരുന്നു. ഇതും രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!