അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച് പാലയാട് ഡയറ്റാണ് അവസ്ഥാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. എ .ശശീന്ദ്രവ്യാസിന് നല്‍കി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്് മന്ത്രി പറഞ്ഞു.
എം. എല്‍. എമാരും തദ്ദേശ സ്ഥാപനങ്ങളുമെല്ലാം വലിയ ഇടപെടല്‍ ഈ കാര്യത്തില്‍ നടത്തുന്നുണ്ട്. അഴീക്കോട് എം. എല്‍ .എ. യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനം മാതൃകാപരമാണ്. എന്തെങ്കിലും ചെയ്യുന്നതിനു പകരം മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എന്താണ് ചെയ്യേണ്ടത് എന്ന് സൂക്ഷ്മമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡയറ്റിനെ ചുമതലപ്പെടുത്തി എന്നത് മാതൃകാപരമാണ്. ഈ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയണം. അതിന് സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളുമുണ്ടാവും. ഇങ്ങനെയൊരു റിപ്പോര്‍ട്ട് പഠനം നടത്തി തയ്യാറാക്കിയത് ഏറെ അഭിനന്ദനാര്‍ഹമാണ്. അതിനു മുന്‍കൈ എടുത്ത എം എല്‍ എയെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ .വി സുമേഷ് എം .എല്‍ .എ അധ്യക്ഷത വഹിച്ചു. മുന്‍. എം .എല്‍ .എമാരായ എം. പ്രകാശന്‍ മാസ്റ്റര്‍, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .സി .ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ്, പി .ശ്രുതി, കെ രമേശന്‍, എ വി സുശീല, കൗണ്‍സിലര്‍ ടി .രവീന്ദ്രന്‍, കെ. പി .ജയപാലന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ .വിനോദ് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി .വി. പ്രദീപന്‍, ഡയറ്റ് ലക്ചറര്‍ കെ ബീന എന്നിവര്‍ പങ്കെടുത്തു.
മണ്ഡലത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വിദ്യാലയങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി പാലയാട് ഡയറ്റിനെയാണ് ചുമതലപ്പെടുത്തിയത്. അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ സംവിധാനങ്ങള്‍, അക്കാദമിക് നിലവാരം, വിനോദ-കായിക സൗകര്യങ്ങള്‍, ലൈബ്രറി-ലാബ് സംവിധാനങ്ങള്‍ എന്നിങ്ങനെ ഓരോ മേഖലയിലെയും സ്ഥിതി വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഓരോ വിദ്യാലയത്തിലും ആവശ്യമായ ഇടപെടലുകളും മുന്‍ഗണനയും റിപ്പോര്‍ട്ട് കണ്ടെത്തി മുന്നോട്ട് വെക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് മണ്ഡലം തലത്തില്‍ ശില്‍പശാല സംഘടിപ്പിച്ച് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. വിപുലമായ ജന പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന സമഗ്ര പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.