ഏകീകൃത കുര്‍ബാനയുടെ പേരില്‍ തര്‍ക്കം, സംഘര്‍ഷാവസ്ഥ: സെന്റ്‌മേരീസ് ബസലിക്ക അടച്ചിടാന്‍ ശുപാര്‍ശ

കൊച്ചി: എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക ഏറ്റെടുക്കാന്‍ പോലീസ്. പ്രശ്‌നപരിഹാരം ഉണ്ടാകും വരെ പള്ളി അടച്ചിടുകയും നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നാണ് പോലീസിന്റെ ശുപാര്‍ശ. ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് നടപടി. സിനഡ് തീരുമാനപ്രകാരം ഏകീകൃത കുര്‍ബാന നടത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തിയതിന് പിന്നാലെ സിറോ മലബാര്‍ സഭാ ആസ്ഥാനമായ ബസലിക്കയില്‍ ഞായറാഴ്ച രാവിലെ സംഘര്‍ഷമുണ്ടായിരുന്നു.
സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ എല്ലാ രൂപതയിലും ഏകീകൃത കുര്‍ബാന നടപ്പാക്കിയിരുന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ചില പള്ളികളില്‍ അത് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്.
2021 നവംബര്‍ 28-ന് സിനഡ് എടുത്ത തീരുമാനം ഒരുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനായി ഞായറാഴ്ച സെന്റ്‌മേരീസ് ബസലിക്കയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
കുര്‍ബാനയര്‍പ്പിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ മുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവര്‍ പള്ളിയുടെ ഗേറ്റ് ഉള്ളില്‍ നിന്ന് അടച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് എത്തിയതോടെ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവര്‍ കൈയ്യടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു.
ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പോലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസലിക്കയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.