വിടവാങ്ങിയത് ചിത്രകലയെ ജീവനുതുല്യം സ്നേഹിച്ച ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ

കൂത്തുപറമ്പ് : ചിത്രകലയെ ജീവനുതുല്യം സ്നേഹിക്കുകയും ചിത്രകല ജീവനോപാധിയാക്കി മാറ്റുകയും ചെയ്ത കലാകാരനാണ് ഇന്നലെ വിടപറഞ്ഞ കൂത്തുപറമ്പ് യുപി സ്കൂളിനു സമീപം ഭവ്യയിൽ ഗോപാൽജി എന്ന ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ. തന്റെ ജീവിതാന്ത്യം വരെയും ചിത്രകലയെ സ്നേഹിക്കുകയും ചിത്രരചനയിൽ സജീവത പുലർത്തുകയും ചെയ്ത അദ്ദേഹം മരിക്കുന്ന ദിവസവും തന്റെ രചനയിൽ ഏർപ്പെട്ടിരുന്നു.
തിരുവനന്തപുരം ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് കോളജായ സമയത്ത് ആദ്യ ബാച്ച് വിദ്യാർഥിയായി ചേർന്നെങ്കിലും പഠനം പൂർത്തീകരിക്കാതെ മടങ്ങി ഇദ്ദേഹം. വീട്ടുമുറിയിലെ അപൂർണമായ ശ്രീകൃഷ്ണ ചിത്രം തന്റെ ജീവിതത്തിന്റെ അമൂർത്തമായ ഭാവമായി വീട്ടിലെ സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നു.
പൂഴിയും ഫെവിക്കോളും ചായക്കൂട്ടും ഉപയോഗിച്ചു കൊണ്ടുള്ള പൂഴി ചിത്ര രചനയിൽ പുതിയ പാഠങ്ങൾ രചിച്ച വ്യക്തിത്വമായിരുന്നു ഗോപാലകൃഷ്ണൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.