കോതിയിലെ മാലിന്യ പ്ലാന്റ് നിർമ്മാണം ഇന്ന് പുനരാരംഭിക്കും; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാരും യു .ഡി .എഫും, പിന്മാറില്ലെന്ന് മേയർ

Share our post

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് വീണ്ടും തുടങ്ങും. പ്രദേശവാസികൾ നടത്തിയ ഹർത്താലിനെ തുടർന്ന് പ്രവൃത്തികൾ ഇന്നലെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്ലാന്റിന്റെ ചുറ്റുമതിൽ നിർമ്മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വീണ്ടും പണി തുടങ്ങിയാൽ പ്രതിഷേധം ശക്തമാക്കാൻ ആണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ അറസ്റ്റിലായ നാട്ടുകാരെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. സമരത്തിന് യു.ഡി.എഫ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഈ വിഷയത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചിരുന്നു.

എന്ത് വിലകൊടുത്തും ജനവാസ മേഖലയിലെ പ്ലാന്‍റ് നിർമ്മാണം തടയുമെന്ന് യുഡിഎഫ് പറഞ്ഞു. എന്നാൽ ആവിക്കലിലും കോതിയിലും മാലിന്യ പ്ലാന്റ് വരുന്നതിനെ ആദ്യം അനുകൂലിച്ചവരാണ് എംകെ രാഘവൻ എം.പി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾ. ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അവർ നിലപാട് മാറ്റിയെന്ന് മേയർ ബീന ഫിലിപ്പ് ആരോപിച്ചു.

അതിനിടെ, പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരസമിതി നേതാക്കൾക്കെതിരെ ജുവനൈൽ നിയമപ്രകാരം പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ആവർത്തിച്ച് നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് ചെമ്മങ്ങാട് പൊലീസ് കേസെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!