87–ാം വയസ്സിലും ചെണ്ടയിൽ വിസ്മയം ഒരുക്കി ശങ്കര മാരാർ

പയ്യന്നൂർ : വാദ്യ കലയിലെ വിസ്മയം പുളിയമ്പള്ളി വീട്ടിൽ ശങ്കര മാരാർ 87-ാം വയസ്സിലും ചെണ്ടയിൽ വിസ്മയം തീർത്ത് ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യ കലാകാരനായ മാരാർ ആരാധന ഉത്സവത്തിലാണ് പ്രായം തളർത്താത്ത മനസ്സുറുപ്പുമായി യുവത്വത്തിന്റെ പ്രസരിപ്പിൽ ക്ഷേത്ര മുറ്റത്ത് തായമ്പക അവതരിപ്പിച്ചത്. 10–ാം വയസ്സിൽ തന്നെക്കാൾ വലുപ്പമുള്ള ചെണ്ടയുമായി ക്ഷേത്ര മതിൽക്കകത്തേക്ക് കടന്നു വന്നതാണ് ശങ്കര മാരാർ.
ചെണ്ട, ഇടയ്ക്ക, തകിൽ, മൃദംഗം തുടങ്ങി എല്ലാ വാദ്യോപകരണങ്ങളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ശങ്കര മാരാർ ഗൾഫ് നാടുകളിലും ഓസ്ട്രേലിയ ഉൾപ്പെടെ വാദ്യ കല അവതരിപ്പിച്ച് പ്രസിദ്ധി നേടിയിട്ടുണ്ട്. പന്തീരടി പൂജയ്ക്ക് ഇടയ്ക്ക കൊട്ടി സോപാന സംഗീതം അവതരിപ്പിക്കുന്ന ശങ്കര മാരാർ ഭക്തർക്ക് എന്നും ഒരു വിസ്മയമാണ്.
പുലർച്ചെ 3.30ന് കൊട്ടി പള്ളി ഉണർത്താൻ ക്ഷേത്രത്തിലെത്തുന്ന ശങ്കര മാരാർ തകിൽ, ഇടയ്ക്ക, നാഗസ്വരം, ഇലത്താളം, ചെണ്ട ഇതൊക്കെയായി പെരുമാളുടെ സേവകനായി ക്ഷേത്ര മതിൽക്കകത്തുണ്ടാകും. ആരാധന ഉത്സവത്തിൽ കാഴ്ച ശീവേലിക്ക് മുന്നിൽ സോപാന സംഗീതം പാടാൻ ശങ്കര മാരാർ തന്നെയാണ് ഇപ്പോഴും മുന്നിൽ.