വെല്ലുവിളികളെ നേരിടാനും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിലും ഞങ്ങൾ ഒറ്റക്കെട്ടാണ്; എം കെ രാഘവന് നന്ദിപറഞ്ഞ് ശശി തരൂർ

മലബാർ സന്ദർശനം വിജയിപ്പിച്ചതിന് എം. കെ .രാഘവൻ എം .പിക്ക് നന്ദിപറഞ്ഞ് ശശി തരൂർ. നിരവധി കൊടുങ്കാറ്റുകളെ അതിജീവിച്ച് മലബാറിലേക്കുള്ള എന്റെ അഞ്ച് ദിവസത്തെ സന്ദർശനം വിജയിപ്പിച്ചതിന് സുഹൃത്തും സഹപ്രവർത്തകനുമായ എം. കെ .രാഘവന് എന്റെ ഊഷ്മളമായ നന്ദി എന്നാണ് തരൂർ ഫേസ്ബുക്കിൽ കുറിച്ചത്. മുന്നിലുള്ള നിരവധി വെല്ലുവിളികളെ നേരിടാൻ പാർട്ടിയെയും യു. ഡി .എഫിനെയും ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിലും ഞങ്ങൾ ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസ് നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചപ്പോൾ തരൂരിനൊപ്പം ഉറച്ചുനിന്നയാളാണ് എം .കെ. രാഘവൻ. തരൂർ പങ്കെടുത്ത പരിപാടികളിൽ വൻ ജനപങ്കാളിത്തം ഉണ്ടാവാനും അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായി. തരൂരിനെ തടയിടാൻ ആവശ്യമായ നീക്കങ്ങൾ മറുഭാഗത്തും ശക്തമായെങ്കിലും അവയെ നിഷ്പ്രഭമാക്കുന്നതായിരുന്നു തരൂരിനെ കേൾക്കാനെത്തിയ ജനക്കൂട്ടം.