മലയാളികളുടെ പതിവ് രീതികളൊന്നുമല്ല സ്വർണക്കടത്തിന് തമിഴ്നാട്ടുകാർ സ്വീകരിക്കുന്നത്, എന്നിട്ടും നെടുമ്പാശേരിയിൽ പിടിവീണു

Share our post

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, ഭരകത്തുള്ള എന്നിവർ ഹാൻഡ് ബാഗുകളിൽ 10 കാപ്സ്യൂളുകളുടെ രൂപത്തിൽ 6454 ഗ്രാം സ്വർണം അതിവിദഗ്ദ്ധമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മുംബയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ വ്യാജ പേരുകളിലാണ് ഇവരെത്തിയത്.

അഭ്യന്തര വിമാന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം രാജ്യാന്തര സർവീസിനു ശേഷം അഭ്യന്തര സർവീസിനൊരുങ്ങിയ വിമാനത്തിലെ ശുചിമുറിയിൽ ആറ് കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നിരീക്ഷണം ശക്തമാക്കിയതിനാലാണ് പ്രതികൾ പിടിയിലായത്.

മുംബയ് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ഒരു ശ്രീലങ്കൻ വംശജനാണ് ഹാൻഡ് ബാഗേജുകൾ കൈമാറിയതെന്ന് ഇവർ മൊഴി നൽകി. ഇത് കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഗൾഫിൽ നിന്നുമെത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താൻ മുംബയ് വിമാനത്താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവർ അഭ്യന്തര യാത്രക്കാരായെത്തി ശ്രമിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

ഗൾഫിൽ നിന്ന് സ്വർണം കൊണ്ടുവന്നതും തുടർന്ന് ഇവർക്ക് കൈമാറിയതും ആരാണെന്ന് അന്വേഷിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!