കോടതി ഇടപെട്ടിട്ടും അനക്കമില്ല, വിസ തട്ടിപ്പ് കേസിൽ പൊലീസിനെതിരെ പരാതിക്കാർ

കണ്ണൂർ: കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തിട്ടും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നതായി പരാതി. ഇതേ കുറിച്ച് സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ വാദിയെ പ്രതിയാക്കുന്ന നിലപാടാണ് എടക്കാട് പൊലീസിൽ നിന്നുണ്ടാകുന്നതെന്നാണ് ആരോപണം. പ്രതികളെ പിടികൂടുന്നതിനു പകരം നിങ്ങൾ എന്തിനാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന രീതിയിൽ ഗുണദോഷിക്കുകയാണ് പൊലീസെന്ന് പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനൊരുങ്ങുകയാണ് തട്ടിപ്പിനിരയായവർ. മലപ്പുറം ജില്ലയിലെ തിരൂർ ഒറ്റയിൽ ഹൗസിൽ എം.വി നുസ്രത്ത് (46), ഇവരുടെ ഭർത്താവും തിരൂരിലെ മിനി സൂപ്പർമാർക്കറ്റ് ഉടമയുമായ ഒറ്റയിൽ ഹാറൂൺ (52), കേച്ചേരി രായൻമരക്കാർ വീട്ടിൽ ആർ.പി റെജുല (54), ഇവരുടെ ഭർത്താവും കുവൈറ്റിലെ ഓയിൽ കമ്പനി ഡ്രൈവറായ തിരൂർ ഒറ്റയിൽ ഹൗസിൽ ഫിറോസ് മുഹമ്മദ് (56), സുംഗാര മുഹമ്മദ് ഷെരീഫ് എന്നിവർക്കെതിരെയാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് രഹാന രാജീവന്റെ നിർദ്ദേശപ്രകാരം എടക്കാട് സി.ഐ സത്യനാഥൻ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
2021 ആഗസ്റ്റ് മുതൽ 2022 ജൂൺ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിമൂന്നോളം പേരിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. കണ്ണൂർ കിഴുന്നയിലെ കെ.ടി രാജു, അഡ്വ. ടി.സി അനുരാഗ് മുഖേന നൽകിയ ഹരജിയെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കുവൈറ്റിൽ വിസ വാഗ്ദാനം ചെയ്തു തന്നിൽ നിന്നും പ്രതികൾ 5,70,000 തട്ടിയെടുത്തുവെന്നാണ് കെ.ടി രാജുവിന്റെ പരാതി. ഇയാളുടെ സുഹൃത്തായ ഉളിക്കൽ സ്വദേശി ബിജു ജോണിൽ നിന്നും പ്രതികൾ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. നേരത്തെ പണം നഷ്ടപ്പെട്ടവരുമായി പ്രതികൾ ഒത്തുതീർപ്പിലെത്തുകയും എന്നാൽ ചെക്ക് മടങ്ങിയതിന് ഇവർക്കെതിരെ മറ്റൊരു പരാതി കൂടി നിലവിലുണ്ട്.