വടക്കെ മലബാറിലെ ആദ്യ ഫിഷറീസ് കോളേജ് പയ്യന്നൂരില്‍

വടക്കെ മലബാറിലെ ആദ്യ ഫിഷറീസ് കോളേജ് പയ്യന്നൂരില്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയായ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലക്ക് (കുഫോസ്) കീഴിലാണ് കോളേജ് തുടങ്ങുന്നത്. ഇതിലൂടെ ഫിഷറീസ്, സമുദ്രപഠനം, അക്വാകള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനം നടത്താനാകും.
സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാര്‍ഥികളാണ് ഓരോ വര്‍ഷവും കുഫോസില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ഉള്‍നാടന്‍ മത്സ്യബന്ധനം തുടങ്ങിയവയാണ് സര്‍വ്വകലാശാലയുടെ പ്രധാന പഠന വിഷയങ്ങള്‍. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ പയ്യന്നൂരില്‍ കോളേജ് ആരംഭിക്കുന്നത്. തുടക്കത്തില്‍ പയ്യന്നൂര്‍ കോളേജില്‍ പ്രഫഷണല്‍ കോഴ്സായ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സാണ് ആരംഭിക്കുന്നത്.
നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 40 പേര്‍ക്ക് ആദ്യ ബാച്ചില്‍ പ്രവേശനം നല്‍കും. കേരള ഫിഷര്‍മാന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ടാകും. ഡിസംബര്‍ ആദ്യവാരത്തിലാണ് ക്ലാസുകള്‍ തുടങ്ങുക. കോളേജ് തുടങ്ങാന്‍ ഏഴ് അസി. പ്രഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പയ്യന്നൂര്‍ ടൗണിനോട് ചേര്‍ന്നുള്ള 20,000 ചതുരശ്ര അടി വാടക കെട്ടിടത്തിലാണ് കോളേജ് തുടക്കത്തില്‍ പ്രവര്‍ത്തിക്കുക.
അഞ്ച് വര്‍ഷത്തേക്ക്് വാടകക്ക് എടുത്ത കെട്ടിടത്തില്‍ ക്ലാസ് മുറികളും ലാബുകളും സജ്ജമാക്കി. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും ഒരുക്കുന്നുണ്ട്. സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ കോറോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം റവന്യു വകുപ്പിന്റെ 12 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക നടപടി പൂര്‍ത്തിയാക്കി ഈ ഭൂമി സര്‍വ്വകലാശാലക്ക് കൈമാറും.
ഫിഷറീസ് കോളേജ് വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സര്‍വ്വകലാശാലക്ക് കീഴില്‍ പയ്യന്നൂരില്‍ നേരത്തെയുള്ള പ്രാദേശിക കേന്ദ്രം ഇതിന് പുറമെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഇവിടെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ പരിശീലനം ഉള്‍പ്പെടെ നല്‍കുന്നുണ്ട്.