എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒൻപതു മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് പത്ത് മുതല്‍

Share our post

തിരുവനന്തപുരം: നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 10 മുതല്‍ 30വരെയാണ് ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണ്ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും.
നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുക. എഴുപത് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുണ്ടാവും. ഒന്‍പതു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ എഴുതും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 60,000ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 82 മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ ഉണ്ടാവുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ടു മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. പരീക്ഷാ തീയതിയും ഫലം പുറത്തുവരുന്ന തീയതിയുമടക്കം വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!