കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റുകളുടെ ഹബ് ആക്കി മാറ്റുമെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ധർമശാലയിൽ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെസിസിഎൽ) എം .പി. പി. റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പാസീവ് കമ്പോണന്റുകളാണ് കെ സി സി എൽ ഉൽപ്പാദിപ്പിക്കുന്നത്. ആക്ടീവ് കമ്പോണന്റുകൾ കൂടി ഉൽപ്പാദിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
2023 ഏപ്രിലോടെ കെ സി സി എൽ ഉൽപ്പാദിപ്പിക്കുന്ന സൂപ്പർ കപ്പാസിറ്ററുകളുടെ നിർമാണം പൂർത്തീകരിക്കും. ആയിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമാക്കി കെൽട്രോണിനെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ 120 പേരെ കെൽട്രോണിൽ റിക്രൂട്ട് ചെയ്തു. കണ്ണൂർ കെൽട്രോണിലെ 60 ഓളം ഒഴിവുകൾ മൂന്ന് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ അടുത്ത വർഷം സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്. ചരിത്രമോർക്കുന്ന കുതിപ്പിന്റെ വർഷമായി ഇതിനെ മാറ്റും. ഓരോ മാസവും ഓരോ പുതിയ ഉൽപ്പന്നം നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ലാഭകരമായിരിക്കണം. മന്ത്രി പറഞ്ഞു.
സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളിൽ നിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെ സി സി എൽ പുതുതായി നിർമിച്ച മോട്ടോർ റൺ റെക്ടാംഗുലാർ കപ്പാസിറ്ററുകൾ മന്ത്രി പുറത്തിറക്കി.
ചതുരാകൃതിയിലുള്ള ഇത്തരം ചെറിയ കപ്പാസിറ്ററുകളുടെ നിർമാണത്തിനായി രണ്ട് കോടി രൂപ ചെലവിലാണ് ഉൽപ്പാദന കേന്ദ്രം നിർമിച്ചത്.11 മെഷീനുകൾ ഇവിടെ പുതുതായി സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവിൽ വിപുലീകരിച്ച ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റർ കേന്ദ്രവും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച വെയർഹൗസും മന്ത്രി ഉദ്ഘാടനം ചെയ്തു. 4220 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയർഹൗസ് കെട്ടിടം നിർമിച്ചത്.
ഒരു വർഷത്തെ അന്തർസംസ്ഥാന അന്വേഷണ ഫലമായി കെൽട്രോണിന്റെ വ്യാജ കപ്പാസിറ്ററുകൾ നിർമിക്കുന്ന ഡെൽഹിയിലെ ഫാക്ടറി റെയിഡ് ചെയ്ത് പൂട്ടിച്ച കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ അനിൽകുമാർ, പി .രമേശൻ (ജി എസ് ഐ), എൻ മനേഷ് (ജി എ എസ് ഐ), കെ. കെ. സജേഷ് (ജി എസ് സി പി ഒ) എന്നിവരടങ്ങുന്ന പൊലീസ് സംഘത്തെ മന്ത്രി ആദരിച്ചു.ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് കെൽട്രോൺ. എം .പി .പി കപ്പാസിറ്ററുകൾ, കെ. വി. എ.ആർ കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ, ക്രിസ്റ്റലുകൾ എന്നിവയാണ് ഇപ്പോൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്.
2017-18 വർഷം മുതൽ മികച്ച ലാഭത്തിലാണ് കെ.സി. സി. എൽ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്സ് കോംപണന്റുകളുടെ ഉൽപ്പാദനത്തിൽ 80 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ഒന്നാംനിര കമ്പനികളിൽ ഒന്നാണ് കെ.സി.സി.എൽ.കെൽട്രോൺ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം വിജിൻ എം. എൽ. എ. അധ്യഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി .എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി. ടി. ബാലകൃഷ്ണൻ, കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, ഡയറക്ടർ ഒ .വി. നാരായണൻ, മാനേജിംഗ് ഡയറക്ടർ കെ. ജി .കൃഷ്ണകുമാർ കെ .സി .സി .എൽ തുടങ്ങിയവർ സംസാരിച്ചു.