വ്യവസായ മുന്നേറ്റത്തിലേക്ക് കല്യാശേരി

കണ്ണപുരം: വ്യവസായ വിപ്ലവത്തിനൊരുങ്ങി കല്യാശേരി മണ്ഡലം. സംരംഭക മീറ്റിനെത്തിയത് 650 ലേറെ സംരംഭകർ. വ്യവസായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി നിർദേശങ്ങളും പദ്ധതികളും സംരംഭകർക്കായി അവതരിപ്പിച്ചു.1057 സംരംഭങ്ങളാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. ചെറുതാഴം 132, ഏഴോം 87, മാടായി 162, മാട്ടൂൽ 125, ചെറുകുന്ന് 73, കണ്ണപുരം 83, കല്യാശേരി 140, പട്ടുവം 71, കടന്നപ്പള്ളി–- പാണപ്പുഴ 98, കുഞ്ഞിമംഗലം 86 എന്നിങ്ങനെയാണ് സംരംഭങ്ങൾ ആരംഭിക്കുക.
പഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷരായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. സംരംഭകരെ സഹായിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കും സ്ഥാപിച്ചു. ഇതിനകം 572 സംരംഭങ്ങൾ ആരംഭിച്ചു. ഇതിലൂടെ 34.76 കോടി രൂപയുടെ നിക്ഷേപവും 1168 പേർക്ക് തൊഴിലും ലഭ്യമാക്കി.
91 നിർമാണ സംരംഭങ്ങളും 240 സേവന സംരംഭങ്ങളും 241 കച്ചവട സംരംഭങ്ങളും കല്യാശേരി മണ്ഡലത്തിൽ ആരംഭിച്ചു.
കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്തു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. കലക്ടർ എസ് ചന്ദ്രശേഖർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർ മുഖ്യാതിഥികളായി. പി .പി .ഷാജിർ, സി .എം .കൃഷ്ണൻ, പി. വി. വത്സല, കെ രതി, എം. ശ്രീധരൻ, ടി .ടി. ബാലകൃഷ്ണൻ, പി .ശ്രീമതി, കെ .ഫാരിഷ, ടി .നിഷ, ടി. സുലജ, എ .പ്രാർഥന, കെ. എൻ .ഗീത, പി .വി ധനലക്ഷ്മി, കെ. പത്മനാഭൻ, ടി .ചന്ദ്രൻ, താവം ബാലകൃഷ്ണൻ, എൻ. ശ്രീധരൻ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കെ. ജയപാലൻ, ടി. എം .രാജകുമാർ എന്നിവർ ക്ലാസെടുത്തു. എ. എസ്. ഷിറാസ് സ്വാഗതം പറഞ്ഞു. മീറ്റിന്റെ ഭാഗമായി പഞ്ചായത്തുകളുടെ തനതായ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.