മത്സരത്തിൽ പങ്കെടുക്കുമ്പോൾ ആൽഫയെ അലട്ടിയത് അച്ഛനെയോർത്തുള്ള ആധി; തെരുവുനായ വീഴ്ത്തിയിട്ടും പൊരുതി നേടി

കണ്ണൂർ : ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൈകളുടെ വേദനയെക്കാൾ ആൽഫയെ അലട്ടിയത് അച്ഛനെയോർത്തുള്ള ആധിയായിരുന്നു. മത്സരം കഴിഞ്ഞതും ആൽഫ ഓടിയെത്തിയത് അച്ഛന്റെ അരികിലേക്ക്. മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആൽഫ എം.റോയിയും അച്ഛനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇന്നലെ രാവിലെ കലോത്സവ വേദിയിലേക്കുള്ള യാത്രയ്ക്കിടെ തെരുവുനായ കുറുകെ ചാടിയതു മൂലം അപകടത്തിൽപ്പെട്ടു.
തളിപ്പറമ്പ് ചിറവക്കിൽ വച്ച് ഇന്നലെ 7.45നായിരുന്നു അപകടം. അച്ഛൻ റോയിക്കും ആൽഫയ്ക്കും പരുക്കേറ്റു. റോയിയുടെ കാലിനും കൈക്കും മുഖത്തും സാരമായ പരുക്കേറ്റു. ആൽഫയുടെ കൈക്കാണു പരുക്കേറ്റത്.സമീപത്തെ ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡോക്ടറുടെ നിർദേശത്തോടെ ആൽഫയെ ബന്ധുക്കൾ മറ്റൊരു വാഹനത്തിൽ മത്സരവേദിയായ സെന്റ് തെരേസാസ് സ്കൂളിൽ എത്തിച്ചു. റോയിയെ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.
എച്ച്എസ് വിഭാഗം ഇംഗ്ലിഷ് ഉപന്യാസത്തിലാണ് ആൽഫ മത്സരിച്ചത്. മത്സരത്തിനിടെയിലും ആൽഫ അച്ഛന്റെ ആരോഗ്യനിലയെക്കുറിച്ച് അധ്യാപകരോടു ചോദിച്ചുകൊണ്ടേയിരുന്നു. അധ്യാപകരുടെ ആശ്വാസ വാക്കുകളിൽ വിശ്വസിച്ച് ഉപന്യാസ രചന പൂർത്തിയാക്കി ഉച്ചയ്ക്ക് 12.45 ഓടെ പരിയാരത്തേക്കു പോയി. ഇന്നലെ വൈകിട്ടോടെ റോയിയെ ഡിസ്ചാർജ് ചെയ്തു. മത്സരത്തിന്റെ ഫലം വന്നപ്പോൾ എ ഗ്രേഡും മൂന്നാം സ്ഥാനവും. ഹൈദരാബാദിൽ അധ്യാപകനാണ് റോയ്. അമ്മ ജൈനി.