‘റേഷൻ വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന് കരുതുന്നില്ല, കടയടപ്പ് സമരം നടത്തുമെങ്കിൽ അപ്പോൾ നോക്കാം’; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഭാഗിമായി വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തിനെതിരെ റേഷൻ കടയടപ്പ് സമരത്തിനൊരുങ്ങി വ്യാപാരികൾ. അടുത്ത ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിന് റേഷൻ വ്യാപാരികൾ സർക്കാരിന്റെ നോട്ടീസ് നൽകും. എന്നാൽ, വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന് കരുതുന്നില്ലെന്നാണ് മന്ത്രി ജി .ആർ .അനിൽ പറയുന്നത്.’യാഥാർത്ഥ്യം വ്യാപാരികൾക്കും അറിയാം. കൃത്യമായ കമ്മീഷൻ നൽകാറുണ്ട്. കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പോൾ സംസ്ഥാനം നൽകേണ്ടിവരുന്നു. അതാണ് രണ്ടുമാസമായി കമ്മീഷൻ വൈകുന്നത്.
മുഴുവൻ പേർക്കും കമ്മീഷൻ നൽകാൻ തീരുമാനിച്ചാൽ ചെറിയ തുക മാത്രമേ നൽകാൻ കഴിയൂ. അതുകൊണ്ടാണ് 50 ശതമാനം പേർക്ക് നൽകുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്തിനും ഏതിനും സമരം വേണോ എന്നവർ ആലോചിക്കണം. സമരമെന്ന് പത്രത്തിൽ വന്നതല്ലേയുള്ളു. വ്യാപാരികൾ സമരം തുടങ്ങുമ്പോൾ നോക്കാം.’- മന്ത്രി പറഞ്ഞു.’ഭക്ഷ്യവകുപ്പ്-റേഷൻ മേഖലയ്ക്കായി 120 കോടിയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാൽ കിട്ടിയത് വെറും 44 കോടി രൂപ മാത്രമാണ്.
സർക്കാരിന്റെ സാമ്പത്തിക ഞെരുക്കമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തവണ കമ്മീഷൻ 49 ശതമാനമേ കിട്ടൂ. 29.51 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ കമ്മീഷൻ. ഇതിൽ സർക്കാർ അനുവദിച്ചത് 4.46 കോടി രൂപ മാത്രമാണ്. ഇതിൽനിന്ന് ക്ഷേമനിധി പിടിക്കും. നികുതി ഒടുക്കണം. പിഴ നൽകേണ്ടവർ അതും നൽകണം. പിന്നെ മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നതോടെ വലിയ നഷ്ടമാണ് ഉണ്ടാവുക.’- വ്യാപാരികൾ പറയുന്നു.വിഷയത്തിൽ ധനവകുപ്പ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ സംഘടന കൂട്ടായ്മ ആവശ്യപ്പെടുന്നത്.
റേഷൻ മേഖലയിലെ ഇടത് സംഘടനകൾ ഉൾപ്പെടെ ധനവകുപ്പിന്റെ നിലപാടിനെ എതിർക്കുന്നവരാണ്. റേഷൻകടകളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 31 ലക്ഷം പേരെയാണ് കടയടപ്പ് സമരം ബാധിക്കുന്നത്.