കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം ഇന്ന്‌ തുടങ്ങും

Share our post

കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും. 26വരെയാണ്‌ കലോത്സവം. മത്സരങ്ങൾ രാവിലെ 9.30ന്‌ ആരംഭിക്കും. നഗരത്തിലെ 16 വേദികളിലായാണ്‌ മത്സരങ്ങൾ. 15 ഉപജില്ലകളിൽനിന്ന്‌ 12,085 കുട്ടികൾ പങ്കെടുക്കും. പകൽ 2.30ന്‌ പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ സ്പീക്കർ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

പ്രധാന വേദിയിൽ രാവിലെ ഭരതനാട്യം മത്സരത്തോടെയാണ്‌ അരങ്ങുണരുക. ടൗൺസ്‌ക്വയറിൽ കേരളനടനവും തളാപ്പ്‌ മിക്‌സഡ്‌ യുപി സ്‌കൂളിൽ ഓട്ടൻതുള്ളലും സെന്റ്‌ മൈക്കിൾസ്‌ സ്‌കൂളിന്‌ മുൻവശം പൂരക്കളിയും സെന്റ്‌ മൈക്കിൾസ്‌ സ്‌കൂൾ ഗ്രൗണ്ടിൽ ബാൻഡ്‌ മേളവും നടക്കും. രചനാ മത്സരങ്ങൾ സെന്റ്‌ തെരേസാസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറിയിലാണ്‌.

കലോത്സവത്തോടനുബന്ധിച്ച് വിളംബരജാഥ നടത്തി. കണ്ണൂർ പ്രഭാത് ജങ്‌ഷനിൽ ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും ജാഥയ്‌ക്ക്‌ പൊലിമയേകി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളും അധ്യാപകരും എൻ.എസ്‌.എസ്‌, എസ്‌.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വളന്റിയർമാരും വിദ്യാർഥികളും അണിനിരന്നു.

വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. എ ശശീന്ദ്രവ്യാസ്, ഡെപ്യൂട്ടി മേയർ കെ. ഷബീന തുടങ്ങിയവർ നേതൃത്വം നൽകി. കലോത്സവത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കും. ഇതിനാവശ്യമായ വേസ്റ്റ് ബിൻ കുടുംബശ്രീയുടെ സഹകരണത്തോടെ നിർമിച്ചു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയാണ്‌ വല്ലം മടയൽ സംഘടിപ്പിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!