കിട്ടാക്കടം 8.7 ലക്ഷം കോടി , എഴുതിത്തള്ളിയത്‌ പത്ത് ലക്ഷം കോടി , തിരിച്ചുപിടിച്ചത്‌ 1.32 ലക്ഷം കോടി ; റിസർവ്‌ ബാങ്ക്‌ വെളിപ്പെടുത്തല്‍

Share our post

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ പത്തുലക്ഷം കോടിയോളം രൂപ കിട്ടാക്കടത്തിൽ തിരിച്ചുപിടിക്കാനായത്‌ 13 ശതമാനം മാത്രമെന്ന്‌ റിസർവ്‌ ബാങ്ക്‌ വെളിപ്പെടുത്തൽ. 10,09,510 കോടി രൂപ എഴുതിത്തള്ളിയപ്പോൾ തിരിച്ചുപിടിക്കാനായത്‌ 1.32 ലക്ഷം കോടി രൂപ മാത്രമാണെന്ന്‌ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്‌ മറുപടിയായി അറിയിച്ചു. 8.7 ലക്ഷം കോടിയോളം രൂപ ഇപ്പോഴും കിട്ടാക്കടമായി അവശേഷിക്കുന്നു.

കിട്ടാക്കടത്തിന്റെ അളവ്‌ കുറയ്‌ക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമാണ്‌ ബാങ്കുകൾ എഴുതിത്തള്ളൽ നടത്താറുള്ളത്‌. എഴുതിത്തള്ളിയ തുക ബാങ്കുകളുടെ നികുതി കണക്കാക്കാനുള്ള ലാഭത്തിൽനിന്ന്‌ കുറയ്‌ക്കാറുണ്ട്‌. എഴുതിത്തള്ളിയ കിട്ടാക്കടത്തിൽ നല്ലൊരു പങ്കും വൻകിട കോർപറേറ്റുകളുടേതാണ്‌.

തിരിച്ചടവ്‌ മുടങ്ങുമ്പോഴും അനുവദിച്ച വായ്‌പ തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാകുമ്പോഴുമാണ്‌ ബാങ്കുകൾ എഴുതിത്തള്ളലിലേക്ക്‌ കടക്കാറുള്ളത്‌. ഇങ്ങനെ എഴുതിത്തള്ളുന്ന വായ്‌പകൾ ബാങ്കിന്റെ ബാലൻസ്‌ ഷീറ്റിൽനിന്ന്‌ ‘നഷ്ടം’ എന്ന്‌ കണക്കാക്കി നീക്കും. വായ്‌പ തിരിച്ചുപിടിക്കുന്നതിനുള്ള മാർഗങ്ങൾ തുടരുമെന്ന ഉറപ്പോടെയാണ്‌ ബാങ്കുകളുടെ എഴുതിത്തള്ളൽ. 10 വർഷ കാലയളവിൽ 13.23 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്‌. കൂടുതലായി എഴുതിത്തള്ളിയത്‌ പൊതുമേഖലാ ബാങ്കുകളാണ്‌. കഴിഞ്ഞ അഞ്ചുവർഷം 7.35 ലക്ഷം കോടി രൂപയാണ്‌ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്‌.

എസ്‌.ബി.ഐ 2.05 ലക്ഷം കോടി രൂപ, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ 67,214 കോടി, ബാങ്ക്‌ ഓഫ്‌ ബറോഡ 66,711 കോടി, ഐസിഐസിഐ 50,514 കോടി എന്നിങ്ങനെയാണ്‌ എഴുതിത്തള്ളിയത്‌. ബാങ്കുകളുടെ നിലവിലെ കിട്ടാക്കടം അനുപാതം 5.9 ശതമാനമാണ്‌. എന്നാൽ, എഴുതിത്തള്ളിയ വായ്‌പകളിൽ ഇനിയും തിരിച്ചുപിടിക്കാനാകാത്ത തുകകൂടി ചേർത്താൽ അനുപാതം 13.10 ശതമാനത്തിലേക്ക്‌ ഉയരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!