പൊളിച്ചിട്ട റോഡുകൾ നന്നാക്കാൻ മറന്ന് കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പ് ലൈനിടാൻ നഗരത്തിൽ കുത്തിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ കോർപ്പറേഷൻ. കണ്ണൂർ ശ്രീനാരായണ പാർക്കിന് സമീപത്തുള്ള മലിനജല ശുദ്ധീകരണ പാന്റിലേക്ക് പൈപ്പിടാനാണ് റോഡുകൾ കുത്തിപ്പൊളിച്ചത്. എന്നാൽ ഒരു വർഷത്തോടടുത്തിട്ടും ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് റോഡുകൾ വെട്ടിപൊളിക്കാൻ തുടങ്ങിയത്. ഇത് കാരണം കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്. പൊട്ടിപ്പൊളിഞ്ഞ് റോഡിലൂടെ ഓട്ടോ ഡ്രൈവർമാരുൾപ്പെടെ ട്രിപ്പ് പോകാൻ പോലും തയ്യാറാകുന്നില്ല.
കാനത്തൂർ, താളിക്കാവ്, പയ്യാമ്പലം എന്നീ ഡിവിഷനുകളിലെ 20 റോഡുകൾ കോർപ്പറേഷൻ ഇത്തരത്തിൽ പൊളിച്ചിട്ടുണ്ട്. റോഡ് പണിക്കും പിന്നീട് നടത്തേണ്ട അറ്റകുറ്റ പണിക്കും രണ്ട് കരാറുകാരെ വീതം ഏൽപ്പിച്ച് യാതൊരു വിധ പ്ലാനിംഗോ ഇല്ലാതെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പേരിൽ കോർപ്പറേഷൻ അഴിമതി കാണിക്കുകയാണെന്നും കരാറുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. അറ്റകുറ്റപണി നടത്തുന്ന സ്ഥലങ്ങളിൽ കോർപ്പറേഷന്റെ എൻജിനീയർമാരോ ,സൂപ്പർവൈസർമാരോ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.
കോർപ്പറേഷൻ ലക്ഷക്കണക്കിന് രൂപ ചിലവൊഴിച്ച് മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ പയ്യാമ്പലത്തെ റോഡാണ് വീണ്ടും പൊട്ടിപ്പൊളിച്ചിട്ടുള്ളത്. അപകടങ്ങളും ഇവിടെ പതിവാണ്. നിർമ്മാണ പ്രവൃത്തി നടത്തുന്ന ഘട്ടങ്ങളിൽ നിർമ്മാണ സാമഗ്രികൾ ആവശ്യത്തിന് ഉപയോഗിക്കാത്തതാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.വഴിനടക്കാനും പ്രയാസംപയ്യാമ്പലത്തിന് സമീപം മൂന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. തില്ലേറി റോഡിനെയും എസ്.എൻ പാർക്ക് റോഡിനെയുമാണ് ഈ മൂന്ന് സ്കൂളിലെ കുട്ടികളും ആശ്രയിക്കുന്നത്. റോഡിൽ നിന്നുയരുന്ന രൂക്ഷമായ പൊടികാരണംകുട്ടികൾ നടന്നു പോകാൻ ഏറെ പ്രയാസപ്പെടുകയാണ്.
സമീപത്തുള്ള നിരവധി ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആളുകളെത്താത്ത സ്ഥിതിയാണ്.ബഹുജന പ്രതിഷേധ ധർണറോഡികൾ കുത്തിപൊളിച്ച് വ്യാപാരികളേയും പൊതുജനങ്ങളേയും ദുരിതത്തിലാക്കിയ കോർപ്പറേഷൻ നടപടിയിലും അഴിമതിയിലും പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി കോർപറേഷനിലേക്ക് ബഹുജന പ്രതിഷേധ ധർണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കോർപറേഷൻ തയാറായില്ലെങ്കിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഒ.കെ വിനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. ദിനേശൻ, ചിത്തിര ശശിധരൻ എന്നിവർ പ്രസംഗിച്ചു.