കത്ത് വ്യാജമോ സത്യമോ? ഉറപ്പിക്കാനായില്ല; കേസെടുത്ത് അന്വേഷിക്കണം: ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്കായി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്. എ.ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹിബിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി.
കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. യഥാർഥ കത്ത് കണ്ടെത്താനായിട്ടില്ല. വാട്സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ല.
അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പിയുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകി കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രന്റെ ലെറ്റർ പാഡിൽ എഴുതിയ കത്ത് നവംബർ 5നാണ് പുറത്തുവന്നത്.|
ഒരു നേതാവ് വാട്സാപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്. വലിയ രാഷ്ട്രീയ വിവാദമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വിട്ടു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താനും തീരുമാനിച്ചു. കത്തിനെക്കുറിച്ച് പാർട്ടി അന്വേഷണവും പുരോഗമിക്കുകയാണ്. രണ്ടംഗ കമ്മിഷനാണ് കത്തിനെക്കുറിച്ച് അന്വേഷിക്കുന്നത്. കത്ത് തയാറാക്കിയത് ആരാണെന്നാണ് അന്വേഷിക്കുന്നതെന്നും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.