പാസെടുത്ത് കുട്ടിക്കറക്കം വേണ്ട

കണ്ണൂർ: സ്വകാര്യ ബസുകളിൽ കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. വീട്ടിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസഷൻ അനുവദിക്കൂ.
സ്പെഷൽ ക്ലാസ്, ട്യൂഷൻ എന്നിവക്ക് കൺസഷൻ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നൽകുന്ന കൺസഷൻ പാസ് വിദ്യാർഥികൾ മറ്റു യാത്രക്കടക്കം ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് ആർ.ടി.ഒയുടെ ഉത്തരവ്.
നേരിട്ട് ബസ് സർവിസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീറ്റർ മാത്രമേ കൺസഷൻ അനുവദിക്കൂ. സർക്കാർ സ്‌കൂളുകൾ, കോളജ്, ഐ.ടി.ഐ, പോളിടെക്നിക് എന്നിവരുടെ തിരിച്ചറിയൽ കാർഡിൽ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ.ടി.ഒ/ജോ. ആർ.ടി.ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്.
യൂനിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത, ഫുൾടൈം കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ കൺസഷൻ അനുവദിക്കൂ. കൺസഷൻ രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ മാത്രമേ അനുവദിക്കൂ.