കോട്ടയം: പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മാങ്ങാനത്തെ നിർഭയ ഷെൽട്ടർ ഹോം ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. കർശന സുരക്ഷ ഒരുക്കേണ്ട സ്ഥാപനത്തിൽനിന്നാണ് പൊളിഞ്ഞുകിടന്ന ചില്ലുജനാല വഴി ഒമ്പതു കുട്ടികൾ കടന്നത്.
ജീവനക്കാരുടെ മോശം പെരുമാറ്റംമൂലം തങ്ങൾക്കിവിടെ കഴിയാനാവുന്നില്ലെന്നും ജീവനക്കാരെ മാറ്റണമെന്നും കുട്ടികൾ പലതവണ അധികൃതരോട് പറഞ്ഞതാണ്. ഇതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല. രണ്ടു താൽക്കാലിക ജീവനക്കാർക്കെതിരെയാണ് പെൺകുട്ടികൾ പ്രധാനമായി പരാതി ഉന്നയിച്ചിട്ടുള്ളത്. മോശക്കാരാണെന്ന രീതിയിൽ കുട്ടികളെ നിരന്തരം ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു ഇവർ.
ഈ ജീവനക്കാരുടെ പെരുമാറ്റം കാരണം നേരത്തേയും കുട്ടികൾ ഷെൽട്ടർ ഹോം വിട്ടുപോയിരുന്നു. വനിത ശിശു വികസന വകുപ്പിന്റെ നിർഭയ സെല്ലിനു കീഴിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം നടത്തുന്നത് മഹിള സമഖ്യ എന്ന എൻ.ജി.ഒയാണ്.മാങ്ങാനത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഒമ്പത് പെൺകുട്ടികളെ കാണാതായത്.
മണിക്കൂറുകൾക്കകം കൂത്താട്ടുകുളം ഇലഞ്ഞിയിലെ ബന്ധുവീട്ടിൽനിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. തിരിച്ചെത്തിയപ്പോഴും കുട്ടികൾ ആവശ്യപ്പെട്ടത് ജീവനക്കാരെ മാറ്റണമെന്നായിരുന്നു. കുട്ടികൾ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ അവഗണിച്ചതിനെ തുടർന്ന് വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ഇവർ പുറത്തുവരാതെ മുറിയടച്ചിട്ടിരുന്നു. വനിത പൊലീസ് മഫ്തിയിലെത്തി അനുനയിപ്പിച്ചാണ് വാതിൽ തുറപ്പിച്ചത്. ഇതിനൊടുവിലാണ് കുട്ടികളെ കാണാതാവുന്നത്. നിലവിൽ കുട്ടികളെ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ശിശുക്ഷേമ സമിതി സ്ഥാപനം പൂട്ടാൻ വകുപ്പ് ഡയറക്ടർക്കും കലക്ടർക്കും ശിപാർശ നൽകിയിട്ടുണ്ട്.ഷെൽട്ടർ ഹോം സുരക്ഷിതമല്ലെന്നും വേണ്ടത്ര സ്ഥലസൗകര്യമില്ലെന്നും ബദൽ സംവിധാനം നോക്കണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമ സിമിതി നേരത്തേയും കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, പകരം സ്ഥലം ഇല്ലെന്നു പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ സ്ഥാപനത്തിനെതിരായ ആക്ഷേപങ്ങൾ പുറത്തുവന്നപ്പോഴാണ് കുട്ടികളെ താൽക്കാലികമായി മാറ്റാൻ തയാറായത്. സംഭവത്തിൽ മനുഷ്യാകാശ കമീഷൻ സ്വമേധയ കേസെടുത്തിരുന്നു.