ബ്ലൂനൈലിൽ വീണ്ടും ‘മാറഡോണ ’

Share our post

കണ്ണൂർ: ‘‘ഇയാളെ ഇത്ര അടുത്ത്‌ കാണുന്നത്‌ ആദ്യായിട്ടാ……’’ മുൻ മന്ത്രി ഇ .പി ജയരാജൻ പറഞ്ഞപ്പോൾ കൂടിനിന്നവരിൽ ഫുട്‌ബോൾ ഇതിഹാസത്തിന്റെ അനശ്വര ഓർമകളുണർന്നു. പത്തുവർഷം മുമ്പ്‌ സാക്ഷാൽ മാറഡോണ താമസിച്ച കണ്ണൂർ ബ്ലൂനൈൽ ഹോട്ടലിന്റെ മുറ്റത്ത്‌ മാറഡോണയുടെ പൂർണകായ പ്രതിമ ഇ .പി അനാഛാദനംചെയ്‌തപ്പോൾ ലോകകപ്പ്‌ ഫുട്‌ബോളിന്റെയും ആവേശമുയർന്നു.

ലോകം മുഴുവൻ പന്തിനുചുറ്റും കറങ്ങുന്ന നാളുകളെക്കുറിച്ച്‌ ആവേശം അടക്കാനാവാതെയാണ്‌ ഇ. പി സംസാരിച്ചത്‌. ഫുട്‌ബോൾ താരങ്ങളും ആരാധകരും ഒത്തുചേർന്ന സദസും അതേ ആവേശത്തിൽ വാക്കുകളെ എതിരേറ്റു. അർജന്റീനയുടെ കൊടി ആലേഖനംചെയ്‌ത കേക്ക്‌ ഇ. പി മുറിച്ചതും ആവേശത്തിന്‌ മധുരം കൂട്ടി. ചിത്രൻ കുഞ്ഞിമംഗലമാണ്‌ 5.5 അടി ഉയരമുള്ള ശിൽപ്പം നിർമിച്ചത്‌.

സ്‌പോർട്‌സ്‌ കൗൺസിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഒ. കെ വിനീഷ്‌ അധ്യക്ഷനായി. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ വി. പി. പവിത്രൻ, കേരള ഫുട്‌ബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ്‌ അംഗം എ. കെ .ഷെരീഫ്‌, ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റന്മാരായിരുന്ന കെ .വി ധനേഷ്‌, എൻ. പി പ്രദീപ്‌, ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം കോച്ച്‌ പി .വി പ്രിയ, മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ .ശിവദാസ്‌, മഹേഷ്‌ ചന്ദ്രബാലിഗ, യദു നമ്പ്യാർ, അജയ്‌ ശങ്കർ, ബ്ലൂനൈൽ ഹോട്ടൽ ഗ്രൂപ്പ്‌ ചെയർമാൻ വി .രവീന്ദ്രൻ, ടി. ഗിരിധർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!