ജില്ലാതല ട്രൈബല്‍ കായിക മേളയില്‍ ആറളം പഞ്ചായത്ത് ജേതാക്കൾ

ജില്ലയിലെ ഏറ്റവും വലിയ ട്രൈബല്‍ കായിക മേളയില്‍ ആവേശക്കുതിപ്പോടെ ആറളം പഞ്ചായത്ത് സി .ഡി. എസ് ജേതാക്കളായി. 65 പോയിൻ്റാണ് നേടിയത്. 42 പോയിൻ്റോടെ കോളയാട് രണ്ടാം സ്ഥാനവും 38 പോയിൻ്റ് നേടി ചിറ്റാരിപ്പറമ്പ് സി. ഡി .എസ് മൂന്നാം സ്ഥാനവും നേടി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ട്രൈബല്‍ കായിക മേള-അത്‌ലോസ് 2022ന്റെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് കെ .എ .പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ എം .വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിർവഹിച്ചു.
ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. എം കൃഷ്ണന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം .ശ്രീധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. റിജി, കെ.എസ് ചന്ദ്രശേഖരന്‍,ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ പി. വി. കമല, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഡോ.അനില്‍ രാമചന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഡോ.വി ശിവദാസൻ എം. പി നിർവഹിച്ചു.
ആന്തൂർ നഗരസഭ ഉപാധ്യക്ഷ വി. സതീദേവി അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി രാജേഷ്, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷതയ കെ .വി പ്രേമരാജൻ മാസ്റ്റർ, ഓമന മുരളീധരൻ, കെ. പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ വിൽസൺ, ട്രൈബൽ ജില്ലാ പ്രോഗ്രാം മാനേജർ കെ. സി .നീതുമോൾ തുടങ്ങിയവർ പങ്കെടുത്തു.