അമ്പാടിമലയിലെ ബിരിയാണി ചലഞ്ച് വിജയം; ആതിരയുടെ ചികിത്സയ്ക്കായി ലഭിച്ചത് പത്ത് ലക്ഷം

Share our post

ചോറ്റാനിക്കര: ബിരിയാണി ചലഞ്ച് ജനം ഏറ്റെടുത്തു, ആതിരയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ നല്‍കും പത്ത് ലക്ഷത്തിലധികം രൂപ. ഇരു വൃക്കകളും പ്രവര്‍ത്തനരഹിതയായി ഡയാലിസിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്പാടിമലയില്‍ താമസിക്കുന്ന എം.സി. സുകുമാരന്റെയും ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ ആതിര എസ്. കുമാറിനാണ് (28) ബിരിയാണ് ചലഞ്ച് വഴി സഹായമെത്തുക.

ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കു മുന്നില്‍ ആതിരയും കുടുംബവും നിസ്സഹായരായപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയത്. എന്നാല്‍, പ്രതീക്ഷിച്ച തുക സഹായ നിധിയിലേക്ക് എത്തിയില്ല. എത്രയും വേഗം ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ അമ്പാടിമലയില്‍ പ്രവര്‍ത്തിക്കുന്ന മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് ഈ ഉദ്യമത്തിന് ഒരു കൈത്താങ്ങാകണമെന്ന തീരുമാനവുമായി മുന്നിട്ടിറങ്ങി.

ഒരു സാധാരണ പിരിവ് രീതി ലക്ഷ്യത്തിലേക്കെത്തില്ല എന്ന ബോധ്യമാണ് ബിരിയാണി ചലഞ്ച് നടത്താന്‍ ട്രസ്റ്റിനെ പ്രേരിപ്പിച്ചത്. അമ്പാടിമലയിലെ ആബാലവൃദ്ധം ജനങ്ങളും ജാതി മത രാഷ്ട്രീയ ഭേദമെന്യേ ‘കാരുണ്യഹസ്തം 2022’ ബിരിയാണി ചലഞ്ചിനെ നെഞ്ചിലേറ്റി. കഴിഞ്ഞ 13-നായിരുന്നു ചലഞ്ച്. ഏകദേശം 300 വൊളന്റിയര്‍മാരാണ് ഇതിന്റെ വിജയത്തിനു വേണ്ടി അണിനിരന്നത്.

തികച്ചും സൗജന്യമായി വിട്ടുനല്‍കിയ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴിലുള്ള അമ്പാടിമല എം.ജി.എസ്. സ്‌കൂളിലെ ബി.എഡ്. കോളേജിലാണ് ബിരിയാണി ചലഞ്ച് നടന്നത്. 6,247 പാക്കറ്റ് ബിരിയാണി പാചകം ചെയ്ത് വിതരണം ചെയ്തതിലൂടെയും സംഭാവനകളിലൂടെയും 10,10,471 രൂപയാണ് ലഭിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചിന് അമ്പാടിമല കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ താരം ഗിന്നസ് പക്രു ചികിത്സാ സഹായനിധി രക്ഷാധികാരി അനൂപ് ജേക്കബ് എം.എല്‍.എ.യ്ക്ക് കൈമാറുമെന്ന് ജനറല്‍ കണ്‍വീനര്‍മാരായ സന്തോഷ് തൂമ്പുങ്കല്‍, ഏലിയാസ് മത്തായി എന്നിവര്‍ അറിയിച്ചു. മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് മഞ്ഞില അധ്യക്ഷത വഹിക്കും.

ബാക്കി തുക ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ചികിത്സാ സഹായ നിധി കണ്‍വീനര്‍ ജോണ്‍സണ്‍ തോമസ് പറഞ്ഞു. ഇതിനുവേണ്ടി ചോറ്റാനിക്കര ബാങ്ക് ഓഫ് ബറോഡയില്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അക്കൗണ്ട് നമ്പര്‍: 626601000 14354, ഐ.എഫ്.എസ്.സി. -BARB0VJCHOT, ഗൂഗിള്‍ പേ നമ്പര്‍: 97460 64678.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!