പേരാവൂർ താലൂക്കാസ്പത്രി ഭൂമി; കയ്യേറ്റം ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടാൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി

പേരാവൂർ: സ്വകാര്യവ്യക്തികൾ കയ്യേറിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിക്കാനും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി.പൊതുപ്രവർത്തകനായ പേരാവൂർ മടപ്പുരച്ചാൽ സ്വദേശി ബേബി കുര്യനാണ് ഹർജി നല്കിയത്.
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി,ഇരിട്ടി താലൂക്ക് തഹസിൽദാർ,സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ,കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ,പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട്,പേരാവൂർ ഗ്രാമപ്പഞ്ചായത്ത്,ഡോ.എ.സദാനന്ദൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് അഡ്വ.ബിമല ബേബി മുഖേന ഹർജി സമർപ്പിച്ചത്.
ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ 2020 ജൂണിൽ ഉത്തരവിട്ടിരുന്നു.ആസ്പത്രി ഭൂമി യാതൊരു കാരണവശാലും പൊതുവഴിയായി അനുവദിക്കുവാൻ പാടില്ല എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ 2020 ഒക്ടോബറിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഉത്തരവ് നല്കിയിരുന്നു.2020 ഡിസമ്പറിൽ ജില്ലാ മെഡിക്കൽ ഓഫീസർ പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ടിന് കയ്യേറ്റം തിരിച്ചുപിടിച്ച് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവും നല്കിയിരുന്നു.
താലൂക്കാസ്പത്രി ഭൂമിയിലെ വഴി പൊതുവഴിയായി കാണിച്ച് സ്വകാര്യവ്യക്തി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിച്ചതായും ആസ്പത്രി സ്ഥലം പൊതുവഴിയായും വാഹന പാർക്കിംഗിനും ഉപയോഗിക്കുന്നതായും ഇതിനെതിരെ നടപടിയാവശ്യപ്പെട്ടും ആസ്പത്രി സൂപ്രണ്ട് ഇരിട്ടി തഹസിൽദാർക്ക് 2021 ജനുവരിയിൽ പരാതിയും നല്കി.പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്‌സിലേക്കുള്ള വഴി തടയാനും കയ്യേറ്റം ഒഴിപ്പിക്കാനും തഹസിൽദാരോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.സൂപ്രണ്ടിന്റെ പരാതിയിൽ തഹസിൽദാർ അന്വേഷണം നടത്തുകയും കയ്യേറ്റം കണ്ടെത്തുകയും ചെയ്തു.ഇതേത്തുടർന്ന് ആസ്പത്രിയിലേക്കുള്ള എല്ലാ അനധികൃത വഴികളും സ്ഥിരമായി അടച്ചിടാൻ സൂപ്രണ്ടിന് തഹസിൽദാർഉത്തരവ് നൽകുകുകയും ചെയ്തു.
ആസ്പത്രി ഭൂമി വ്യക്തികൾ കയ്യേറിയതിനെതിരെയോ ചുറ്റുമതിൽ കെട്ടി ഭൂമി സംരക്ഷിക്കാനോആരോഗ്യവകുപ്പോ പഞ്ചായത്തോ നടപടി സ്വീകരിക്കുന്നില്ലെന്ന് ബേബി കുര്യൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ നടപ്പിലാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടത്.