കരിന്തളം വയനാട് വൈദ്യുതിലൈന്‍ കടന്നുപോകുന്ന പഞ്ചായത്തിലെ ഭൂ ഉടമകളുടേയും പഞ്ചായത്തംഗങ്ങളുടെയും യോഗം

ആവശ്യമായ നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിലും സ്ഥലം ഉടമകളുടെ അനുവാദം ചോദിക്കാതെ അവരെ തെറ്റിദ്ധരിപ്പിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ബലമായി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ ശ്രമിക്കുന്നതിലും കരിന്തളം വയനാട് 400 കെവി ട്രാന്‍സ്ഗ്രിഡ് വൈദ്യുതിലൈന്‍ കടന്നുപോകുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ ഭൂഉടമകളുടേയും, പഞ്ചായത്ത് അംഗങ്ങളുടെയും യോഗം പ്രതിഷേധം അറിയിച്ചു.
സ്ഥലം ഉടമകളുടെ ഉത്കണഠയും ആശങ്കയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അവ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.
വേഗത്തില്‍ പരിഹാരം ലഭിക്കുമെന്ന ഉറപ്പും അന്ന് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കും ലൈന്‍ കടന്നുപോകുന്ന വഴിയില്‍ ഉള്ളവര്‍ക്കും ഏറെ ദുഖമുണ്ടാക്കുന്നുണ്ട്. തലശേരിയില്‍ വച്ച് വൈദ്യുത മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയപ്പോള്‍ ജില്ലാ കലക്ടറോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഇതുവരേയും നടപടികള്‍ ഉണ്ടായിട്ടില്ല. കൃഷിക്കാരായ സ്ഥലം ഉടമകളുടെ കോടിക്കണക്കിന് രൂപ വിലയുള്ള വിളഭൂമി നഷ്ടമാകുന്ന സ്ഥിതിയാണ്. മാറ്റി മാറ്റി അടയാളപ്പെടുത്തിയ അലൈന്‍മെന്റുകള്‍ പുനപരിശോധിക്കണം. ടവര്‍ സ്ഥാപിക്കുന്ന സ്ഥലം ഉടമകള്‍ക്ക് മാത്രമല്ല, ലൈന്‍ കടന്നുപോകുന്ന സ്ഥലത്തുള്ളവര്‍ക്കും മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടിയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ മിനി വിശ്വനാഥന്‍, ബീനാ റോജസ്, സിന്ധു ബെന്നി, അംഗങ്ങളായ സജി മച്ചിത്താന്നി, ഫിലോമിന മാണി, കര്‍മസമിതി കണ്‍വീനര്‍ ബെന്നി പുതിയാംപുറം, ജോര്‍ജ് കിളിയന്തറ, അബ്രാഹം ജോര്‍ജ് പനച്ചിക്കല്‍കരോട്ട്, റോബിന്‍ മടയംകുന്നേല്‍, ജോസ് മണലേല്‍, തോമസ് കൊല്ലംകുന്നേല്‍, അബ്രാഹം പാരിക്കാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, കര്‍മ്മസമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.