തേജസ്വിനിപ്പുഴയുടെ ടൂറിസം പദ്ധതികൾക്ക് ജീവൻ വയ്ക്കുന്നു

Share our post

ചെറുപുഴ: തേജസ്വിനിപ്പുഴയോടു ചേർന്നു നടപ്പാക്കാവുന്ന ടൂറിസം പദ്ധതികളെ കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥസംഘം മലയോര മേഖല സന്ദർശിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎയുടെ പ്രത്യേക നിർദേശപ്രകാരമാണു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ കോഴിച്ചാൽ മുതൽ ചെറുപുഴ റെഗുലേറ്റർ -കം-ബ്രിജ് വരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ചത്. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ് നേതൃത്വം നൽകി. ഇന്നലെ രാവിലെയാണു സംഘം ചെറുപുഴയിലെത്തിയത്.

തേജസ്വിനിപ്പുഴയുടെ തീരത്തോട് ചേർന്നുള്ള സ്ഥലത്തു പാർക്ക് നിർമിക്കാനും പുഴയിലൂടെ വൈറ്റ് വാട്ടർ റാഫ്റ്റിങ് ഉൾപ്പെടെയുള്ള ജല സാഹസികയാത്ര സംഘടിപ്പിക്കാനുമുള്ള ശ്രമവും 2013-ൽ ആരംഭിച്ചതാണ്. ഓരോ കാരണങ്ങളാൽ പദ്ധതി നീണ്ടു പോകുകയായിരുന്നു. ഇതേക്കുറിച്ചും തീരങ്ങളിലെ മാലിന്യങ്ങളെ സംബന്ധിച്ചും കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.നിലവിൽ തേജസ്വിനിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ വൈറ്റ് വാട്ടർ റാഫ്റ്റിങ് , ബോട്ട് യാത്ര എന്നിവ നടത്തി വരുന്നുണ്ട്.

ഇതിൽ യാത്ര ചെയ്യാനായി ഒട്ടേറെ ആളുകൾ മലയോരത്ത് എത്തുന്നുമുണ്ട്.ഈ സാധ്യതകളെല്ലാം പരിഗണിച്ചു തേജസ്വിനിപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളെ കുറിച്ചുള്ള റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കുമെന്നു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.ജോയി, ഉദ്യോഗസ്ഥരായ സി.പി.ജയരാജൻ, കെ.സി.ശ്രീനിവാസൻ, കെ.പി.നിഖിൽ എന്നിവരും ടൂറിസം ഡപ്യൂട്ടി ഡയറക്ടർക്ക് ഒപ്പമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!