റിങ് ഇറക്കി കയറുന്നതിനിടയിൽ കയർ പൊട്ടി കിണറ്റിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി

പാടിയോട്ടുചാൽ : 80 അടി ആഴമുള്ള കിണറിൽ റിങ് ഇറക്കി കയറുന്നതിനിടയിൽ കയർ പൊട്ടി കിണറ്റിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന പുറത്തെടുത്തു. വങ്ങാട്ടെ തളിയിൽ രഞ്ജിത്തിനെ (40) യാണു പെരിങ്ങോത്ത് നിന്ന് സ്റ്റേഷൻ ഓഫിസർ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സേന സംഘം പുറത്തെടുത്തത്.
കയർ പൊട്ടി വിഴുന്നതിനിടയിൽ കിണറിൽ ഉണ്ടായിരുന്ന കമ്പി പാര രഞ്ജിത്തിന്റെ തുടയിൽ തുളച്ച് കയറിയും രഞ്ജിത്തിന് സാരമായി പരുക്കേറ്റു. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചു. ഫയർ ആന്റ് റസ്ക്യു ഓഫിസർ ജെ.ജഗനാണ് സാഹസികമായി കിണറ്റിൽ ഇറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ രഞ്ജിത്തിനെ പുറത്തെടുത്തത്. ഇ.ടി.സന്തോഷ് കുമാർ, ഐ.ഷാജീവ്, പി.വി.ലതേഷ്, വി.വി.വിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.