‘വേലി തന്നെ വിളവു തിന്നുന്നോ?’: പൊലീസിനെ വിമർശിച്ച് പി.കെ.ശ്രീമതി

കണ്ണൂർ : കൊച്ചിയിൽ പീഡനക്കേസിൽ പൊലീസ് തന്നെ പ്രതിയായതിനെ വിമർശിച്ച് സിപിഎം നേതാവ് പി.കെ.ശ്രീമതി. വേലിതന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റ്. പീഡനക്കേസിൽ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ.സുനു സ്ഥിരം കുറ്റവാളിയെന്നും ശ്രീമതിയുടെ കുറിപ്പിലുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗംതന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള കോഴിക്കോട് കോസ്റ്റല്‍ സിഐ പി.ആര്‍.സുനുവിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സുനുവിനെ ചോദ്യം ചെയ്തു. തൊഴില്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.