നഗരത്തിൽ വണ്ടിയിടിക്കാതെ നടക്കാൻ വഴിയുണ്ടോ

കണ്ണൂർ നഗരത്തിൽ കാൽനടക്കാരെ അവഗണിച്ചാണ് റോഡ് വികസനം മുഴുവൻ നടക്കുന്നതെന്ന പരാതി ശരിവയ്ക്കുന്നതാണ് കാൽടെക്സ് ഗാന്ധി സർക്കിളിലെയും താണ ജംക്‌ഷനിലെയും സിഗ്നൽ സംവിധാനമെന്ന് കാൽനടക്കാർ പറയുന്നു.നഗരത്തിലും പരിസരങ്ങളിലും തിരക്കുളള റോഡുകളിൽ കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ വരകൾ മാഞ്ഞ നിലയിലാണ്.
അവഗണന തുടരുന്നു
ദേശീയപാത വികസന പ്രവൃത്തികൾ കാൽനടക്കാരെ പരിഗണിക്കാതെയെന്ന് പരാതി. ദേശീയപാത കടന്നുപോകുന്ന എടക്കാട്, പാപ്പിനിശ്ശേരി അടക്കം ടൗണുകളിൽ അടിപ്പാത ഇല്ലാത്തതാണ് ഭാവിയിൽ കാൽനടക്കാർക്ക് ദുരിതമാകുക. തറ നിരപ്പിൽ നിന്ന് ഉയർത്തി നിർമിക്കുന്ന ദേശീയപാത പൂർത്തിയായാൽ ഇപ്പോഴത്തെ എടക്കാട് ടൗൺ വൻ മതിലിന് ഇരുവശത്തുമായി വിഭജിക്കപ്പെടും.
ഇപ്പോൾ കാലെടുത്ത് വച്ചാൽ പോകാൻ കഴിയുന്ന ടൗണിന്റെ ഇരു ഭാഗത്തേക്കും പിന്നീട് കിലോ മീറ്ററുകളോളം നടന്ന‌് എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ അടിപ്പാത വഴിയോ, നടാൽ ബൈപാസിലെ അടിപ്പാത വഴിയോ കാൽനടക്കാർക്ക് ചുറ്റി തിരിയേണ്ട അവസ്ഥ വരും. സമാന അവസ്ഥയായിരിക്കും പാപ്പനിശ്ശേരിയിലും.