ദുരിതബാധിത മേഖലയിൽ പ്രത്യേക പാക്കേജ് അനുവദിക്കണം; ജനകീയ സമിതി

Share our post

നെടുംപുറംചാൽ: പൂളക്കുറ്റി,നെടുംപുറംചാൽ,ചെക്കേരി,നെല്ലാനിക്കൽ,തുടിയാട്,വെള്ളറ തുടങ്ങിയ ദുരന്ത ബാധിത മേഖലകളിൽ പ്രത്യേക പാക്കേജ്അനുവദിച്ച് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

നിലവിലെ സർക്കാർ സംവിധാനങ്ങൾ മെല്ലെ പോക്ക് സമീപനമാണ് സ്വീകരിച്ചുവരുന്നത്.പൂളക്കുറ്റി,നെടുംപുറംചാൽ തോടിന്റെയും,നെല്ലിയാനിതോടിന്റെയും പാർശ്വഭിത്തികൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ നശിച്ചുപോയി.ഇത് പുനർനിർമിക്കാനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

തോടിനോട് ചേർന്ന് ഇരുകരകളിലും താമസിക്കുന്നയാളുകളെ മാറ്റിപ്പാർപ്പിക്കുവാൻ നടപടി വേണം.വീടും സ്ഥലവും പൂർണമായി തകർന്നവർക്കും,വാസയോഗ്യമല്ലാത്ത വീടുള്ളവർക്കുംവീടും സ്ഥലവും നൽകി എത്രയുമുടനെ പുനരധിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

കാർഷിക വിളകൾ നശിച്ച കർഷകർക്ക് പതിവ് കൃഷി നാശത്തിൽ ഉൾപ്പെടുത്താതെ പ്രത്യേക പാക്കേജ് ഏർപ്പെടുത്തി നഷ്ടപരിഹാരം നൽകണം.കൃഷിയിടങ്ങൾ ചെളിയും പാറക്കൂട്ടങ്ങളും കരിങ്കൽ പൊടിയും വന്നു നിറഞ്ഞ ഇടങ്ങളിൽ അത് നീക്കംചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടിയും,കൃഷിയോഗ്യമല്ലാത്ത ഇടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയും ഉണ്ടാവണം.

ദുരന്തബാധിത മേഖലയിലെകർഷകരുടെ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളണം.മറ്റു ലോണുകൾക്ക് മൊറട്ടോറിയം നൽകണം.തന്നാണ്ട്വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് വിത്തുകളും വളവും സൗജന്യ നിരക്കിൽ വിതരണം ചെയ്യണം.ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടാവുകയും ബലക്ഷം ഉണ്ടാവുകയും ചെയ്ത പാലങ്ങളും കലുങ്കുകളും റോഡുകളും പുനർ നിർമിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രദേശത്ത് സ്ഥാപിക്കണം.

മനുഷ്യ നിർമ്മിതമായുണ്ടാക്കിയ പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്തി അത് പൂട്ടിക്കുകയും നഷ്ടപരിഹാര തുക വാങ്ങിത്തരുകയും ചെയ്യണമെന്നും ജനങ്ങളെ നാട്ടിൽ നിന്നും ഒഴിവാക്കാൻവേണ്ടി കൊണ്ടു വിടുന്ന പെരുമ്പാമ്പ്,അമ്പലക്കുരങ്ങ് പോലുള്ള വന്യമൃഗങ്ങളെ കൊണ്ട് വിടുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

ദുരന്തബാധിത മേഖലയെ പതിനഞ്ച് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ഓരോ കമ്മിറ്റി രൂപീകരിച്ച്ആ കമ്മിറ്റിയിൽ നിന്ന്രണ്ടുപേരെ വീതം കോർ കമ്മിറ്റിയിലേക്ക് ആഡ് ചെയ്താണ് ജനകീയസമിതി പൊതു വിഷയങ്ങളിൽ ഇടപെടുന്നത്.

യോഗത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സതീഷ് മണ്ണാറുകുളം,ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ,ഷിന്റോ കുഴിയാത്ത്,ഷാജി പുല്ലാപ്പടിക്കൽ,ഷിജു അറക്കക്കുടി,ജോളി തൃക്കേക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!