ക്ലാസ് കട്ടാക്കി കറങ്ങണ്ട; പൊലീസ് പിന്നാലെയുണ്ട്

കണ്ണൂർ: ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിരുതൻമാരെ നേർവഴിക്ക് നടത്താൻ സിറ്റി പൊലീസ്. നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാനായി ‘വാച്ച് ദ ചിൽഡ്രൻ’ എന്ന പേരിൽ തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി വാട്സാപ് ഗ്രൂപ്പ് രൂപവത്കരിച്ചു.
കോർപറേഷൻ പരിധിയിലെ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രഥമധ്യാപകൻ, വനിത പൊലീസ് ഉദ്യോഗസ്ഥർ, പിങ്ക് പൊലീസ് എന്നിവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ. സ്കൂളിൽ പോകാതെ വിദ്യാർഥികൾ നഗരത്തിലെ മാളുകളിലും ബീച്ചുകളിലും വേഷം മാറി കറങ്ങിനടക്കുകയും കഞ്ചാവും എം.ഡി.എം.എയും അടക്കമുള്ള ലഹരിമരുന്ന് ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരീക്ഷണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കിയതെന്ന് സിറ്റി എ.സി.പി ടി.കെ. രത്നകുമാർ പറഞ്ഞു.
സംശയകരമായ സാഹചര്യത്തിൽ സ്കൂളിലെത്താത്ത വിദ്യാർഥികളെ കുറിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ വിവരം നൽകാം. വനിത പൊലീസ് ഇവരെ രഹസ്യമായി നിരീക്ഷിക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്യും.