യാത്രാ പ്രതിസന്ധി ;എം.എൽ.എയും ഉദ്യോഗസ്ഥരും ദേശീയപാത സന്ദർശിച്ചു

Share our post

കല്യാശേരി: ദേശീയപാത നിർമാണത്തിനെതുടർന്നുണ്ടായ കല്യാശേരി മണ്ഡലത്തിലെയാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എം വിജിൻ എംഎൽഎയും ദേശീയപാതാ അധികൃതരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. എടാട്ട്, പിലാത്തറ, കല്യാശേരി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗ തീരുമാനപ്രകാരമാണ് സന്ദർശനം.

കല്യാശേരിയിൽ അടിപ്പാത നിർമിക്കണമെന്നാണ് പ്രധാന ആവശ്യം. ഹാജി മൊട്ടയിൽ നിർമിക്കാനുദ്ദേശിക്കുന്ന ടോൾ ബൂത്ത് വയക്കര വയൽപ്രദേശത്തേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നു. ദേശീയപാതയ്ക്കായി ഏറ്റെടുത്ത പ്രദേശത്ത് റോഡിന് ഇരുവശവും കോൺക്രീറ്റിൽ വൻമതിൽ തീർത്തതോടെ മാങ്ങാടിനും കല്യാശേരിക്കും ഇടയിലെ യാത്ര കടുത്ത പ്രതിസന്ധിയിലാണ്. ഹെൽത്ത് സെന്റർ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കുൾപ്പെടെ മാങ്ങാടുമുതൽ പോളിടെക്നിക് വരെയുള്ള മുഴുവൻ സർവീസ് റോഡും അടയ്‌ക്കപ്പെട്ടു.

റോഡിനിരുഭാഗത്തുമുള്ള 1500ഓളം കുടുംബങ്ങൾക്കും നിരവധി ആവശ്യങ്ങൾക്കായി പ്രതിദിനമെത്തുന്ന ആയിരങ്ങൾക്കും ഇതിനാൽ കാൽനടയാത്രപോലും സാധിക്കില്ല. പലയിടത്തും റോഡ് നിർമാണത്തിനായി അഞ്ച് മീറ്ററിലധികം ഇടിച്ച് താഴ്ത്തിയിട്ടുണ്ട്. ഇവിടങ്ങളിലുള്ളവർക്കും യാത്ര പ്രയാസമാണ്‌. പിസിആർ ബാങ്കിന് സമീപത്തുനിന്ന് പഞ്ചായത്തിനും കെപിആർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനും അടുത്ത് എത്തുന്ന നിലയിൽ അടിപ്പാത നിർമിച്ചാലേ ഇവർക്ക്‌ യാത്ര സാധ്യമാകൂ.

എടാട്ട് കോളേജ് സ്റ്റോപ്പിലെ അടിപ്പാത നിർമിക്കാമെന്ന് ആദ്യഘട്ടത്തിൽ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ പിൻമാറിയതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പടെ 4500 ലധികം പേർ നിത്യേന ഉപയോഗിക്കുന്ന പ്രധാന ജങ്‌നാണ് എടാട്ട്‌. ബസ് കാത്തിരിപ്പ് കേന്ദ്രം. കുഞ്ഞിമംഗലം ഏഴിമല, ഹനുമാരമ്പലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് സർവീസും ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതിനോട് അനുബന്ധ റോഡിലൂടെയാണ് കടന്നുപോകുന്നത്. അടിപ്പാത നിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും.

പിലാത്തറയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും ആവശ്യമുണ്ട്. നാട്ടുകാരുടെ യാത്രാപ്രശ്നം ദേശീയപാത അധികൃതരുമായും കലക്ടറുമായും എംഎൽ എ സംസാരിച്ചു. വിഷയം ജനങ്ങൾക്ക് അനുകൂലമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു. കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി ബാലകൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കല്യാശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി നിഷ, ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌പി പി രോഹിണി, സി എം വേണുഗോപാലൻ, തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!