നിയമനക്കത്ത് വിവാദം; മേയറുടെ ഓഫീസിന് മുന്നിൽ കൊടികെട്ടി ബി ജെ പി, കിടന്ന് പ്രതിഷേധിച്ച് കൗൺസിലർമാർ

Share our post

തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ബി.ജെ.പിയുടെ പ്രതിഷേധം. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബി.ജെ.പി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം .ആർ. ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.കഴിഞ്ഞ ദിവസവും നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം ഉണ്ടായിരുന്നു.

പ്രകടനമായെത്തിയ ബി.ജെ.പി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിച്ചു. സമരമുണ്ടായതോടെ പൊലീസ് ഇടപെട്ട് പിറകിലത്തെ ഗേറ്റ് പൂട്ടി. ഈ ഗ്രിൽ ഗേറ്ര് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു. ഇതേച്ചൊല്ലി സി.പി.എം – ബി.ജെ.പി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതിനിടെ ബി.ജെ.പി കൗൺസിലർ‌ വി.ജി. ഗിരികുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമിനെ ചെയർമാന്റെ മുറിയിലിട്ട് പൂട്ടി.

കൂടുതൽ പൊലീസെത്തി ബി.ജെ.പി കൗൺസിലർമാരെ സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതിനിടെ ബി.ജെ.പി കൗൺസിലറായ ചെമ്പഴന്തി ഉദയന് ദേഹാസ്വാസ്ഥ്യമുണ്ടായി. അല്പനേരത്തിനുശേഷം ബി.ജെ.പി കൗൺസിലർമാർ വീണ്ടും അകത്തേക്കു കടന്ന് പ്രതിഷേധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർ നേരിട്ടു. സംഘർഷത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വനിത കൗൺസിലർമാരെത്തിയതോടെ രംഗം കൂടുതൽ സംഘർഷഭരിതമായി.

ഇരുവിഭാഗത്തിന്റെയും വനിതാ കൗൺസിലർമാർ മുഖത്തോടു മുഖം നോക്കി പോർവിളിയും വെല്ലുവിളികളുമാരംഭിച്ചു. ഇതിനിടെയുണ്ടായ കൈയാങ്കളിക്കിടെ സി.പി.എം കൗൺസിലർ ബിന്ദു മേനോന് കൈയ്‌ക്ക് പരിക്കേറ്റു. ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ബി.ജെ.പി കൗൺസിലർമാർ ശ്രമിച്ചെങ്കിലും സി.പി.എം കൗൺസിലർമാർ തടഞ്ഞു. ബി.ജെ.പിക്കാർ ആക്രമിച്ചതായി സി.പി.എം വനിതാ കൗൺസിലർമാർ ആരോപിച്ചു. കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യയ്‌ക്കും പരിക്കേറ്റു.അതേസമയം, മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കോർപ്പറേഷൻ മാർച്ചിൽ വൻ സംഘർഷം.

രണ്ട് മണിക്കൂറോളം തലസ്ഥാനം സംഘർഷ ഭൂമിയായി. 12ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ചപ്പോൾ അഞ്ചുറൗണ്ട് ജലപീരങ്കിയും രണ്ടുതവണ കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധ മാർച്ച് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ നഗരസഭ കവാടത്തിനുള്ളിലേക്ക് ചാടിക്കടന്നതോടെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിലും കണ്ണീർ വാതകത്തിലും അനസ് കല്ലമ്പലം, രഞ്ജിത്, പ്രമോദ് സാമുവൽ, അനൂപ് എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന് പുറമേ കെ.എസ്.യുവും നഗരസഭയിലേക്ക് മാർച്ച് നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!