ലോക ഫുട്ബാൾ മാമാങ്കം: പയ്യന്നൂരിൽ മിനി മാരത്തോൺ

പയ്യന്നൂർ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് പയ്യന്നൂർ ഫുട്ബാൾ അക്കാഡമി മിനി മാരത്തോൺ സംഘടിപ്പിച്ചു. പുരുഷൻമാർക്ക് 14 കിലോമീറ്ററും വനിതകൾക്ക് 8 കിലോമീറ്ററും ദൂരത്തിൽ നടന്ന മത്സരത്തിൽ, പുരുഷ വിഭാഗത്തിൽ മലപ്പുറത്ത് നിന്നുള്ള ആനന്ദ് കൃഷ്ണയും വനിതാ വിഭാഗത്തിൽ കോഴിക്കോട് ഫറൂഖിലെ എം.പി. സഹീദയും ഒന്നാം സ്ഥാനം നേടി. പുരുഷവിഭാഗത്തിൽ ഇടുക്കിയിൽ നിന്നുള്ള ഷെറിൻ ജോസ് രണ്ടാം സ്ഥാനവും റിങ്കു സിംഗ് മൂന്നാം സ്ഥാനവും നേടി.വനിതാ വിഭാഗത്തിൽ ചെറുപുഴയിൽ നിന്നുള്ള മഞ്ജിമ രണ്ടാം സ്ഥാനവും മലപ്പുറം സ്വദേശി ശ്രീതുമോൾ മൂന്നാം സ്ഥാനവും നേടി.
ബ്ലേഡ് റണ്ണർ സജേഷ് മത്സരത്തിൽ പങ്കെടുത്ത് ഫിനിഷ് ചെയ്തത് മത്സരത്തിന് ആവേശം പകർന്നു. 120 ഓളം പേർ പങ്കെടുത്ത മത്സരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.രാവിലെ ഗവ. ഹൈസ്കൂൾ മൈതാനിയിൽ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങിൽ എ. രാജഗോപാലൻ എം.എൽ.എ. കാഷ് അവാർഡുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അക്കാഡമി ചെയർമാൻ ടി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത മുഖ്യാതിഥിയായിരുന്നു. അഡ്വ. പി. സന്തോഷ്, പി. ശ്യാമള, കെ.കെ. കൃഷ്ണൻ, ഡോ. ദേവസ്യ, ഡോ. കെ.വി. അനൂപ്, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ. ഷൈജു സ്വാഗതം പറഞ്ഞു.